തൃശൂര്‍ : സ്കൂളുകളില്‍ വിന്യസിച്ച ഐ.ടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അനുമതി നല്കി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഉത്തരവ് പുറത്തിറക്കി. സ്കൂളുകളില്‍ ലഭ്യമായിട്ടുള്ള ലാപ്ടോപ്പുകളും 70,000 പ്രൊജക്ടറുകളും 4545 ടെലിവിഷനുകളുമാണ് പ്രയോജനപ്പെടുത്താന്‍ കഴിയുക.
വീട്ടിലും സമീപത്തും ക്ലാസുകള്‍ വീക്ഷിക്കുന്നതിന് അവസരമില്ലാത്ത കുട്ടികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയുമെല്ലാം സഹായത്തോടെ ബദല്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ വേണ്ടത്ര ഉപകരണങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍ സ്കൂളുകളില്‍ ലഭ്യമായ ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കണം. ഇതിനായി ആവശ്യമായ പ്രദേശം പ്രഥമാധ്യാപകര്‍ കണ്ടെത്തണം. പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരും നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയ ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വാര്‍ഡ്/ഡിവിഷന് തലത്തിലോ മറ്റോ ചുമതലയുള്ള അധ്യാപകര്‍ക്കോ അല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറി ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കോ ആവശ്യകതയ്ക്കനുസരിച്ച് രസീത് വാങ്ങി പ്രഥമാധ്യാപകര്‍ക്ക് ഉപകരണങ്ങള്‍ നല്‍കാം. നാലു കുട്ടികള്‍ക്കുവരെ ഒരേ സമയം കാണാന്‍ ഒരു ലാപ്ടോപ്പ് ഉപയോഗിക്കാം. കൂടുതല്‍പേര്‍ക്ക് കൂടുതല്‍ ലാപ്ടോപ്പുകളോ, കേബിള്‍ / ഡി.ടി.എച്ച് കണക്ഷനുള്ള സ്ഥലങ്ങളില്‍ ടീവിയോ അല്ലെങ്കില്‍ ലാപ്ടോപ്പും പ്രൊജക്ടറും ഒരുമിച്ചോ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: