ആലുവ: കോടതിയിലേക്ക് എത്തിയ ആലുവ എടയാര്‍ സ്വര്‍ണ്ണ കവര്‍ച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20 കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്
ഇടുക്കി ഈസ്റ്റ് കല്ലൂര്‍ ചങ്ങനാംപറമ്പില്‍ വീട്ടില്‍ വിഷ്ണു (26), തൊടുപുഴ കാരിക്കോട് കോതായികുന്നേല്‍ വീട്ടില്‍ നൗഫല്‍ (23), തൊടുപുഴ കുമാരമംഗലം ലബ്ബ വീട്ടില്‍ ഷാനു (28), തൊടുപുഴ കാരിക്കോട് കൊമ്പനാം പറമ്പില്‍ റൗഫല്‍ (24), കുമാരമംഗലം താണിക്കാമറ്റം വീട്ടില്‍ അവിനാഷ് (34) എന്നിവരാണ് പിടിയിലായത്.
ആലുവ ഇഎസ്ഐ റോഡില്‍ ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. ഇന്നോവ കാറിലെത്തിയ പ്രതികള്‍ ജമാല്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ തടഞ്ഞ് നിര്‍ത്തി ചില്ല് അടിച്ച് തകര്‍ത്ത ശേഷം ബലമായി കാറില്‍ കയറ്റുകയായിരുന്നു. നാട്ടുകാര്‍ സംഭവം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടമശേരിക്ക് സമീപത്ത് നിന്ന് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികള്‍ ജാമാലിന്റെ സംഘവുമായി നേരത്തെ തൊടുപുഴയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ജമാലിന്റെ സംഘം പ്രതികളില്‍ ചിലരുടെ വീട്ടില്‍ കയറിയും തിരിച്ചടിച്ചു. ഇതിന്റെ വൈരാഗ്യത്തിനാണ് ആലുവ കോടതിയില്‍ ജമാല്‍ എത്തുന്ന വിവരമറിഞ്ഞ് പ്രതികള്‍ പിന്തുടര്ന്നത്.
ആലുവ ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: