കേരളത്തില്‍ കാലവര്‍ഷമെത്തി. പൊതുവെ വൈകിയെത്താറുണ്ടായിരുന്ന വര്‍ഷകാലം ഇത്തവണ കൃത്യമായി എത്തിയതില്‍ സന്തോഷിക്കുന്നതിനൊപ്പം കണ്ണീര് വീഴാനുള്ള സാഹചര്യവുമുണ്ട്. ദൈവത്തിന്റെ നാടെങ്കിലും നിരന്തരം കണ്ണീര് വീഴ്ത്താനാണല്ലോ സംസ്ഥാനത്തിന്റെ യോഗം.
കേരളത്തിലങ്ങിങ്ങോളം കനത്ത മഴ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ അസാധാരണമായ വാശിയോടെയാണ് മഴ പെയ്ത്ത്. സാധാരണ ഗതിയില്‍ കാലവര്‍ഷം എന്നു വരുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ എങ്ങനെയാവണമെന്നും ബന്ധപ്പെട്ടവര്‍ ആലോചിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അത് വേണ്ട രീതിയില്‍ ചെയ്യുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാറില്ല. എന്തു കാര്യത്തിനും ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുകയല്ലാതെ ദൈവാംശമുള്ള ഒരു കാര്യവും നടത്താറില്ല എന്നതു വസ്തുതയാണ്.
ഇത്തവണയും അങ്ങനെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ മുന്നിട്ടിറങ്ങിയില്ല എന്നത് പകല്‍ പോലെ വ്യക്തം. ഒറ്റ മഴ കൊണ്ടു തന്നെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പുഴയായി. നഗരങ്ങളിലെ വെള്ളക്കെട്ടില്‍പ്പെട്ട് ആയിരങ്ങള്‍ ദുരിതത്തിലായി. തുടക്കത്തില്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയങ്ങോട്ട് എന്തൊക്കെയെന്നത് അചിന്ത്യം.
ഇത്തവണ ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ കോവിഡ്-19 ഉണ്ട് എന്നതത്രെ സര്‍ക്കാറിനും ബന്ധപ്പെട്ടവര്‍ക്കുമുള്ള ആശ്വാസം. മഹാമാരി പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്ന കാര്യം അവിടെ നില്ക്കട്ടെ. എന്തുകൊണ്ട് ആവശ്യമായ സമയമുണ്ടായിട്ടും മഴക്കാല പൂര്‍വ നടപടികള്‍ക്ക് ഗതിവേഗമുണ്ടായില്ല എന്ന വലിയചോദ്യം നിലനില്ക്കുന്നു. പുഴകളിലെ മണലും ചളിയും നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും അവസാന നിമിഷമാണത്രേ അത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ കാര്യം മുറപോലെയെന്ന എക്കാലത്തെയും മഹാമാരി തന്നെയാണ് ഇതിന് വഴിവച്ചത്. കൊച്ചിയില്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്നാണ് അല്പമെങ്കിലും പുരോഗതി ഉണ്ടായതെന്നതാണ് വാസ്തവം. ജനങ്ങള്‍ക്കൊപ്പമെന്ന് ആവേശത്തോടെ പറയുന്ന ജനപ്രതിനിധികള്‍ എന്തുകൊണ്ടാണിത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതെന്നറിയില്ല. ഏതായാലും രണ്ടു പ്രളയങ്ങള്‍ അതിജീവിച്ച ജനങ്ങള്‍ക്ക് ഇനിയൊരു പ്രളയത്തെ മറികടക്കല്‍ അനായാസമെന്നാവും അവര്‍ കരുതുന്നത്.
കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലും മലയിടിച്ചിലുമുണ്ടായ സ്ഥലങ്ങളിലെ ഹതാശയര്‍ക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന ദൈന്യതയും നിലനില്ക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട അവര്‍ക്ക് എന്തിന്റെ പേരിലാണ് നീതി നിഷേധിക്കപ്പെട്ടതെന്ന് അറിയില്ല. കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ അളവില്‍ മഴ പെയ്യുന്നതാണ് അപകടമായി തീരുന്നത്. ഇത് മുന്നില്‍കണ്ട് ശാസ്ത്രീയമായി മുന്നൊരുക്കം നടത്താതെ പോയതിന്റെ ദുരിതത്തിലേക്കാണിപ്പോള്‍ ജനങ്ങള്‍ തുഴയെറിയുന്നത്. നമ്പര്‍വണ്‍ കേരളത്തിന്റെ ജാതകവും നോക്കി ഗജകേസരി യോഗം പ്രതീക്ഷിക്കുന്ന പ്രതീതിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ളത് എന്നു പറയേണ്ടി വരും.
ഇത്തവണ പഴയതുപോലെ പ്രളയം വരികയും സ്ഥിതിഗതികള്‍ രൂക്ഷമാവുകയും ചെയ്താല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ പോലും സാധിക്കാതാവും. കോവിഡ് ഭീഷണിമൂലം സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ളവ പ്രതിസന്ധിയിലാവും. ഒന്നിനെക്കുറിച്ചും യഥാര്‍ത്ഥമായ വിവരത്തിന്റെ പശ്ചാത്തലത്തില്‍ നടപടിയെടുക്കാനുള്ള കരുത്തും കഴിവും കൈമോശം വന്ന സര്‍ക്കാരാണ് ഭരണത്തിലുള്ളത്. സ്ഥിരതയുള്ള നിലപാടോ ആത്മാര്‍ഥമായ ഇടപെടലോ അല്ല ഉണ്ടാവുന്നത്. കേവലം തരംതാണ രാഷ്ട്രീയത്തിന്റെ മെയ്പ്പയറ്റും കപടവേഷവുമാണ് സര്‍ക്കാരിനുള്ളത്. തങ്ങളുടെ കെടുകാര്യസ്ഥത ജനങ്ങളറിയാതിരിക്കാന്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയെന്ന ഒറ്റ അജണ്ടയേയുള്ളൂ. ആ അജണ്ട പ്രളയകാലത്ത് കച്ചിത്തുരുമ്പാവുമോയെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: