ബെര്‍ലിന്‍: ഇംഗ്ലണ്ടിന്റെ മുന്നേറ്റനിരക്കാരന് ജാദോണ്‍ സാഞ്ചോയുടെ ഹാട്രിക്കില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വിജയം. ബുന്ദസ്ലിഗയില് അവര്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പാഡര്‍ബോണിനെ തോല്‍പ്പിച്ചു. ഈ വിജയം ഡോര്‍ട്ട്മുണ്ടിന്റെ കിരീട പ്രതീക്ഷ സജീവമാക്കി. ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ അറുപത് പോയിന്റുമായി ഡോര്‍ട്ട്മുണ്ട് രണ്ടാം സ്ഥാനത്ത് തുടരുയാണ്. ഇത്രയും മത്സരങ്ങളില്‍ 67 പോയിന്റുള്ള ബയേണ്‍ മ്യൂണിക്കാണ് ഒന്നാം സ്ഥാനത്തത്.
രണ്ടാം പകുതിയിലാണ് സാഞ്ചോ ഹാട്രിക്ക് നേടിയത്. 57, 74, 90 മിനിറ്റുകളിലാണ് പാഡര്ബോണിന്റെ വല കുലുക്കിയത്. പരിക്കേറ്റ നോര്‍വെ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലാന്ഡിന് പകരമാണ് സാഞ്ചോയെ കളിക്കളത്തിലിറക്കിയത്. ഹാലാന്‍ഡിനെ കൂടാതെ കളിക്കളത്തിലിറങ്ങിയ ഡോര്‍ട്ട്മുണ്ട് ആദ്യ പകുതിയില്‍ ഒട്ടേറെ അവസരങ്ങള്‍ തുലച്ചു. പക്ഷെ രണ്ടാം പകുതിയില്‍ സാഞ്ചോ ഇറങ്ങിയതോടെ കളി മാറി. അമ്പത്തിനാലാം മിനിറ്റില്‍ ഹസാര്‍ഡ് ഡോര്ട്ട്്മുണ്ടിനെ മുന്നിലെത്തിച്ചു.
ഏറെ താമസിയാതെ സാഞ്ചോ തന്റെ ആദ്യ ഗോളിലൂടെ ഡോര്‍ട്ട്മുണ്ടിന്റെ ലീഡ് 2-0 ആയി ഉയര്‍ത്തി. ഏഴുപത്തിരണ്ടാം മിനിറ്റില്‍ പാഡര്‍ബോണ്‍ ഒരു ഗോള്‍ മടക്കി. പെനാല്‍റ്റിയിലൂടെ ഹ്യൂനീമിയറാണ് ഡോര്‍ട്ട്മുണ്ടിന്റെ വല കുലുക്കിയത്.
74-ാം മിനിറ്റില്‍ സാഞ്ചോ വീണ്ടും ലക്ഷ്യം കണ്ടു. സ്കോര്‍ 3-1. പതിനൊന്ന് മിനിറ്റുകള്‍ക്ക് ശേഷം ഹകിമി ഡോര്‍ട്ട്മുണ്ടിന്റെ നാലാം ഗോള്‍ കുറിച്ചു. 89-ാം മിനിറ്റില്‍ മാഴ്സലും ഡോര്‍ട്ട് മുണ്ടിനായി സ്കോര്‍ ചെയ്തു. അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടി സാഞ്ചോ ഹാട്രിക്ക് തികച്ചതോടെ ഡോര്‍ട്ടമുണ്ട് 6-1 ന് ജയിച്ചുകയറി.
1997 ലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഡോര്‍ട്ട്മുണ്ട് 2012 ലാണ് അവസാനമായി ബുന്ദസ്ലിഗ കിരീടം നേടിയത്. അടുത്ത മത്സരത്തില്‍ അവര്‍ ശനിയാഴ്ച ഒമ്പതാം സ്ഥാനക്കാരായ ഹെര്‍ത്ത ബെര്‍ലിനെ നേരിടും.
ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റുമായി ഏറ്റവും പിന്നില്‍ നില്ക്കുന്ന പാഡര്‍ബോണ്‍ അടുത്ത മത്സരത്തില്‍ അഞ്ചാം സ്ഥാനക്കാരായ ആര്.ബി ലീപ്സിഗിനെ നേരിടും.
മറ്റൊരു മത്സരത്തില്‍ ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാക്ക് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് യൂണിയന് ബെര്‍ലിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: