തിരുവനന്തപുരം: സ്കൂള്‍ അദ്ധ്യയനത്തിന്റെ പുതിയ വര്‍ഷാരംഭമായ ജൂണ്‍ മാസം വീണ്ടുമെത്തിയിരിക്കയാണ്. പുത്തനുടുപ്പിട്ട് കുഞ്ഞു ചെരുപ്പുമണിഞ്ഞ് പുതിയ ബാഗും വര്‍ണക്കുടകളും ചൂടി ആദ്യമായി കുഞ്ഞുങ്ങള്‍ സ്കൂളിലേക്ക് എത്തുന്ന സമയമായി. എന്നാല്‍ ഇത്തവണ അറിവിന്റെ അക്ഷരമധുരം നുണയാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്ന് സ്കൂളിലേക്ക് പോകാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയക്കാന്‍ കൊതിച്ചിരുന്ന രക്ഷിതാക്കളും നിരാശയിലാണ്.
തങ്ങളുടെ പൊന്നോമനകളുടെ ആദ്യ സ്കൂള്‍ദിനം കാണാനുള്ള ആഗ്രഹത്തിന് തടസമായിരിക്കുകയാണ് മഹാമാരിയായ കൊറോണ. ആദ്യാക്ഷരം കുറിക്കുന്നത് വിജയദശമിക്കാണെങ്കിലും ആദ്യമായി കുട്ടികള്‍ സ്കൂളില്‍ പോകുന്നത് മിക്കവാറും ജൂണ്‍ മാസത്തില്‍ മധ്യവേനലവധികഴിഞ്ഞ് സ്കൂള്‍ തുറക്കുമ്പോഴാണ്. അന്ന് സ്കൂളിലെത്തുന്ന പിഞ്ചുകുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ സ്കൂളില്‍ അധ്യാപകര്‍ വിവിധ പരിപാടികളാണ് ഒരുക്കുക.
ആദ്യമായി അച്ഛനമ്മമാരെ പിരിഞ്ഞെത്തുന്ന കുട്ടിക്ക് മാനസികമായ പിന്തുണനല്കുക എന്നതാണ് ഇതില്‍ പ്രധാനം. അമ്മയെപ്പിരിഞ്ഞ് സ്കൂളിലെത്തുന്ന കുട്ടിക്ക് അമ്മയും അച്ഛനുമാകുകയാണ് ഗുരുക്കന്മാര്. ആദ്യാക്ഷരത്തിന്റെ മാധുര്യം നുകരാന്‍ പോകുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി സ്കൂളിലെത്തിക്കാനുള്ള വേവലാതിയിലായിരിക്കും ഈ ദിവസങ്ങളില്‍ പല രക്ഷാകര്‍ത്താക്കളും. ഇത് രക്ഷിതാക്കള്‍ക്ക് ആനന്ദം നല്കുന്ന വേവലാതിയാണ്.
അച്ഛനമ്മമാരുടെ കൈവിരല്‍ പിടിച്ചു കുഞ്ഞുങ്ങളെ സ്കൂളിലേക്ക് എത്തിക്കാന്‍ ഇനി എന്നുകഴിയും എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. തങ്ങളുടെ പിഞ്ചോമനകള്‍ ആദ്യമായി സ്കൂളില്‍ പോകുന്നത് ഏതൊരച്ഛന്റെയും അമ്മയുടെയും മനസില്‍ മായാതെ നില്ക്കുന്ന ഓര്‍മ്മയാണ്. ഇണങ്ങലും പിണങ്ങലും പിന്നെ കരച്ചിലുമായി നിറയുന്ന ആദ്യദിനം കഴിഞ്ഞാല്‍ പിന്നെ പുത്തന്‍ കൂട്ടുകാരെത്തേടലും കളികളും പഠനവുമായി അറിവിന്റെ പുതിയ ലോകത്തേക്ക് അവര്‍ പിച്ചവയ്ക്കും. നിയന്ത്രിക്കാനാകാതെ മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ എന്ന് സ്കൂള്‍ തുറക്കും എന്ന് പറയാന്‍ സര്‍ക്കാരിനും കഴിയുന്നില്ല. പഠനത്തിന്റെ പുത്തന്വഴികള് തേടുകയാണ് സര്‍ക്കാരും പുതുതലമുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: