കൊച്ചി: അവശ പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുണര്‍ത്തിയ വീരേതിഹാസമാണ് സി.കേശവന്റെ ജീവിതമെന്ന് എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അദ്ദേഹത്തിന്റെ 130-ാം ജന്മദിനമാണ് ഇന്ന്. അധ:സ്ഥിതനെ അധികാരത്തിന്റെ ഏഴയലത്തുപോലും അടുപ്പിക്കാതിരുന്ന സാമൂഹ്യവ്യവസ്ഥിതികളോട് അനുസ്യൂതം പോരാടി തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദംവരെ അലങ്കരിച്ച സി.കേശവന്റെ ജീവിതം കേരള നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമാണെന്നും വെള്ളാപ്പള്ളി പത്രക്കുറിപ്പില്‍ പറഞ്ഞു.
അനീതിക്കും അസമത്വത്തിനും എതിരെ തുറന്നുപിടിച്ച കണ്ണും കാതുമാണ്, ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ ദു:ഖഭാരം ചുമലിലേറ്റാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. 1930 കളുടെ അവസാനം മുതല്‍ തിരുവിതാംകൂറിലെയും പിന്നീട് ഐക്യകേരളത്തിലേയും ലക്ഷക്കണക്കിന് അധസ്ഥിത പിന്നോക്ക സമുദായങ്ങള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്വാതന്ത്ര്യം ആ മഹാത്മാവിന്റെ പോരാട്ട ഫലമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠാപരിപാടിതൊട്ട് കേരളത്തില്‍ നടന്നുവന്ന സാമൂഹ്യനവോത്ഥാനത്തിന്റെ രാഷ്ട്രീയ വിജയം കൂടിയായിരുന്നു സി.കേശവന്റെ പോരാട്ടചരിത്രം. പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ കുടുംബകാരണവര് കൂടിയായ സി.വി കുഞ്ഞുരാമനോടുപോലും എതിരിടേണ്ടിവന്ന സന്ദര്‍ഭവും മുഖ്യമന്ത്രിയായിരിക്കെ രാജ്യതാത്പര്യത്തിന്റെ പേരില്‍ രണ്ടുതവണ മകന് കെ.ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്ത വേറിട്ട നേതാവുമാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഒരുവശത്ത് വോട്ട് ബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷപ്രീണനവും മറുവശത്ത് ഭൂരിപക്ഷസമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ അടവുനയങ്ങളുമാണ് കേരളത്തില്‍ നടമാടുന്നത്. ജനസംഖ്യാനുപാതികമായി വിഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുമ്പോഴല്ലാതെ സാമൂഹ്യനീതി നടപ്പിലായെന്ന് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ സി.കേശവന് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കേരളത്തില്‍ ഇന്നും പ്രസ്തമാണെന്നതാണ് അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ ഉദ്ബോധിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: