ഇരിട്ടി: ബാരാപോള്‍, വളപട്ടണം, ബാവലി പുഴകളില്‍ അടിഞ്ഞ മരങ്ങളും ചെളിയും നീക്കം ചെയ്യുന്നതിന്റെ മറവില്‍ കോടികളുടെ മണല്‍ കൊള്ളയാണ് നടക്കുന്നതെന്ന് ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ആര്. സുരേഷ് ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സിന് ടെന്‍ഡര്‍ നടപടികളൊന്നുമില്ലാതെയാണ് പ്രവൃത്തി നടത്തുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. പുഴയിലെ ചെളിയും മരങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം എന്തൊക്കെയാണ് അവിടെ നിന്നും കിട്ടുന്നത് അവയൊക്കെ ഇവ നീക്കം ചെയ്യുന്നവര്‍ക്ക് കൊണ്ടുപോകാം എന്ന വ്യവസായ വകുപ്പിന്റെ ഉത്തരവ് വളരെ വിചിത്രവും കേട്ട് കേള്‍വി പോലുമില്ലാത്തതാണ്. പുഴയിലെ ടണ്‍കണക്കിന് മണല്‍വാരി കടത്താനും അതിലൂടെ കോടികളുടെ തിരിമറി നടത്താനുമുള്ള ശ്രമമാണ് ഇതിന്റെ പിന്നില്‍.
പുഴകളില്‍ അടിഞ്ഞ മണല്‍ കൊള്ളയടിക്കുകയാണ് ലക്ഷ്യമെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാരാപോള്‍ പദ്ധതി പ്രദേശത്ത് ജെസിബി ഉള്‍പെടെ തടഞ്ഞുവെച്ച് പ്രവൃത്തി തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ നേരം പുലര്‍ന്നപ്പോഴേക്കും പ്രവൃത്തി തുടരാന്‍ ധാരാണയാകുകയും എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പായം, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, റവന്യു ഉദ്യോഗസ്ഥര്‍, കാരാറുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരെ പോലും അകത്ത് കയറ്റാതെ അടച്ചിട്ടമുറിയില്‍ വെച്ച് പ്രശ്ന പരിഹാരമുണ്ടാക്കിയതായി വാര്‍ത്ത വന്നു. ഈ ധാരണ എന്താണെന്ന് ജനത്തോട് തുറന്ന് പറയണം.
മാസങ്ങള്‍ക്ക് മുമ്പ് പുഴയില്‍ അടിഞ്ഞ എക്കല്‍ നീക്കാനെന്ന പേരില്‍ പുഴയിലെ എക്കല്‍ പുഴയില്‍ നിന്ന് കോരി പുഴയില്‍ തന്നെ നിക്ഷേപിച്ച് ലക്ഷങ്ങള്‍ കൊള്ളയടിച്ച കരാറുണ്ടായിരുന്നു. ഈ കരാറിലും ഇപ്പോഴുണ്ടാക്കിയ കാരാറിലും ഉള്ള സബ് കോണ്‍ട്രാക്ടുകളും രഹസ്യ ധാരണയും എന്തൊക്കൊയാണ്. ഉരുള്‍പൊട്ടി കുടക് വനത്തില്‍ നിന്ന് ഒഴുകി വന്ന വന്‍ മരങ്ങളും പുഴയുടെ ആഴം കുറക്കാനിടയാക്കിയ മണല്‍കൂമ്പാരങ്ങളും മാറ്റണെന്ന് രണ്ട് വര്‍ഷമായി ബിജെപി നിരന്തരം ആവശ്യപെട്ടതായിരുന്നു. എന്നിട്ട് കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മരങ്ങളും മണ്ണും മണലും കൊള്ളയടിക്കാന്‍ മാത്രമായുള്ള നീക്കം അനുവദിക്കാനാവില്ല. എക്കലും മരങ്ങളും നീക്കം ചെയ്യാന്‍ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് ലോഡ് കണക്കിന് മണല്‍ കോരി പകല്‍കൊള്ള നടത്തുകയാണ്. മണല്‍ വാരി പുഴയോരത്ത് തന്നെ വെച്ച് ലേലം ചെയ്ത് സര്‍ക്കാരിലേക്ക് ഈപണം നല്‍കുകയും എക്കലും മരവും നീക്കം ചെയ്യുന്നവര്‍ക്ക് അര്‍ഹമായ കൂലിയുമാണ് നല്‍കേണ്ടത്. ഈ ടെന്‍ഡറില്ലാത്ത പ്രവൃത്തിയെ കുറിച്ചും മണല്കൊള്ളയെകുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം സമരവുമായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: