ബെര്‍ലിന്‍: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തത്സമയ ഗോളുകള്‍ ടെലിവിഷനില്‍ കാണാന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നു. ജര്‍മന്‍ ലീഗായ ബുന്ദസ് ലിഗ ആരാധകരില്ലാത്ത സ്റ്റേഡിയങ്ങളില്‍ ഇന്ന്
പുനരാരംഭിക്കും. ആദ്യ മത്സരത്തില്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ട് സ്വന്തം തട്ടകത്തില്‍ ഷാല്‍ക്കെയുമായി കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് കിക്കോഫ്. സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് രണ്ടിലും സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് എച്ച്ഡി രണ്ടിലും തത്സമയം മത്സരം കാണാം.
ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ആര്.ബി. ലീപ്സിഗ് ഫ്രീബര്‍ഗിനെയും എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ട് ബൊറൂസിയ മോണ്ചെങ്ഗ്ലാഡ്ബാച്ചിനെയും ഓഗ്സ്ബര്‍ഗ് വൂള്‍വ്സ്ബര്‍ഗിനെയും എതിരിടും. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുതുടരുന്ന ബയേണ്‍ മ്യൂണിച്ച് നാളെ ഇറങ്ങും. രാത്രി പത്തരയ്ക്ക് അവര്‍ ഹെര്‍ത്താ ബെര്‍ലിനുമായി ഏറ്റുമുട്ടും.
കൊറോണ മഹാമാരിയെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവച്ചശേഷം പുനരാരംഭിക്കുന്ന യൂറോപ്പിലെ അഞ്ചു പ്രമുഖ ലീഗുകളില്‍ ആദ്യ ലീഗാണ് ബുന്ദസ്ലിഗ. കൊറോണ വിട്ടൊഴിയാത്ത സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണണ് മത്സരങ്ങള്‍ നടത്തുന്നത്. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഓഫീഷ്യല്‍സും കളിക്കാരും മാധ്യമപ്രവര്‍ത്തകരും അടക്കം മുന്നൂറ് പേരാണ് സ്റ്റേഡിയത്തിലുണ്ടാകുക. കളക്കളത്തില്‍ ഇറങ്ങുന്ന കളിക്കാര്‍ ഒഴിച്ചുള്ള എല്ലാവരും മുഖാവരണം ധരിക്കണം.
ഫിഫയുടെ പുതിയ സബ്സ്റ്റിറ്റിയൂഷന് നിയമം ഈ മത്സരത്തില്‍ പ്രാവര്‍ത്തികമാക്കും. ഓരോ ടീമിലെയും അഞ്ചുകളിക്കാരെ വീതം പകരക്കാരായി ഇറക്കാനാകും. നേരത്തെ മൂന്ന് കളിക്കാരെ മാത്രമേ പകരക്കാരായി ഇറക്കാന്‍ കഴിയുമായിരുന്നുള്ളൂ.
കളിക്കാര്‍ തമ്മില്‍ ഹസ്താനം നടത്തില്ല. കൈമുട്ടുകള്‍ ഇടിച്ച് ആഹ്ലാദം പങ്കുവയ്ക്കും. കളിക്കാര്‍ പരസ്പരം കെട്ടിപ്പിടിച്ചുള്ള ആഹ്ലാദ പ്രകടനം അനുവദിക്കില്ല. പന്ത് ഇടക്കിടെ അണുവിമുക്തമാക്കും. ഒന്നിലേറെ ബസുകളിലാണ് ടീമുകള്‍ സ്റ്റേഡിയത്തിലെത്തുക. കളിക്കാര്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലം പാലിക്കുന്നതിനാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: