കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നായി 2773 ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങി. രാജസ്ഥാനിലെ ജയ്പൂരിലേക്ക് 1299 പേരും ഝാര്‍ഖണ്ടിലെ ധന്‍ബാദിലേക്ക് 1474 പേരുമാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്. വയനാട് ജില്ലകളില്‍ നിന്നായി 33 കെഎസ്ആര്‍ടിസി ബസുകളിലും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 66 കെഎസ്ആര്‍ടിസി ബസുകളിലായാണ് ഇതരസംസ്ഥാന തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലേക്ക് വൈകിട്ട് അഞ്ച് മണിക്കും ഝാര്‍ഖണ്ടിലെ ദന്‍ബാദിലേക്ക് രാത്രി എട്ടു മണിക്കുമാണ് തീവണ്ടി പുറപ്പെട്ടത്.
ഭക്ഷണക്കിറ്റ്, വെള്ളം, മധുരം എന്നിവ നല്‍കിയാണ് ഇവരെ യാത്രയാക്കിയത്. ട്രെയിനില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ കൂടെ ഉദ്യോഗസ്ഥരുണ്ടാകും. ശാരീരിക അകലം പാലിച്ചാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡെപ്യുട്ടി കലക്ടറുടെയും തഹസില്‍ദാരുടെയും നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ചെന്ന് വൈദ്യപരിശോധന നടത്തി കോവിഡ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇതര സംസ്ഥാന തൊളിലാളികള്‍ക്ക് യാത്രാനുമതി നല്‍കിയത്.
ഒരു ബസില്‍ 30 തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. ജില്ലാ കളക്ടര്‍ സാംബശിവ റാവു, സബ് കലക്ടര്‍ ജി. പ്രിയങ്ക, ഡിസിപി ചൈത്ര തെരേസ ജോണ്‍, കോഴിക്കോട് സിറ്റി കമ്മീഷണര്‍ എ.വി. ജോര്‍ജ്, ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: