കൊച്ചി: തിരുവാതിര നര്‍ത്തകിയും നൃത്താധ്യാപികയുമായ മാലതി ജി മേനോന് (84) അന്തരിച്ചു. ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. രവിപുരം ആലപ്പാട്ട് റോഡിലെ വസതിയായ ജയവിഹാറില്‍ വെച്ചായിരുന്നു മരണം.
എറണാകുളം കുമ്പളത്തെ ശ്രീവിലാസത്തില്‍ കാര്‍ത്യായനി അമ്മയുടെ മകളാണ്. സംസ്കാരം വ്യാഴാഴ്ച 10.30 ന് രവിപുരം ശ്മശാനത്തില്‍. മക്കള്‍ സുധാറാണി, ജയപ്രകാശ് നാരായണ്‍, ഉഷ റാണി. മരുമക്കള്‍ രഘു പി. പ്രീത ബാലകൃഷ്ണന്, അജിത് കുമാര്‍.
ഹിന്ദി അധ്യാപികയായിരുന്ന ഇവര്‍ 1993 പനമ്പിള്ളി നഗര്‍ ഗവ. സ്കൂളില്‍നിന്ന് വിരമിച്ച ശേഷമാണ് കലാരംഗത്തേക്ക് കടക്കുന്നത്. പാര്‍വണേന്ദു എന്ന പേരില്‍ തിരുവാതിര സ്കൂള്‍ രവിപുരത്ത് ആരംഭിച്ചു. പിന്നല് തിരുവാതിര എന്ന നൂതന കലാരൂപം ഇവര്‍ വികസിപ്പിച്ചെടുത്തു. മൂവായിരത്തിലേറെ സ്ത്രീകളെ അണിനിരത്തി എറണാകുളത്ത് അവതരിപ്പിച്ച പിന്നല് തിരുവാതിര ചരിത്രമാണ്. ഇതാണ് ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടംനേടിക്കൊടുത്തത്.
തിരുവാതിര പഠിപ്പിച്ചുവരവെ ഇടയ്ക്ക, കഥകളി, ചെണ്ട എന്നിവയിലും കൈവച്ചു. സംഗീതത്തിലും കഥകളിയിലും തിരുവാതിരയിലും ഒതുങ്ങി നില്ക്കുന്നതല്ല ഇവരുടെ കലാസപര്യ. പതിനഞ്ചോളം സിനിമകളിലും അഞ്ച് ലഘു ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. ഡാകിനി എന്ന സിനിമയില്‍ മുഖ്യകഥാപാത്രമായ ഡാകിനിയെ അവതരിപ്പിച്ചതും മാലതി ജി മേനോന് ആണ്. പ്രസിദ്ധ ക്യാന്‍സര്‍ രോഗ ചികില്സകന് ഡോ. പി. വി. ഗംഗാധരനെ സംബന്ധിച്ചു തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: