മുക്കം: ഭക്ഷണം ലഭിക്കാത്തതിനാല്‍ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മുന്നൂറോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് വളഞ്ഞു. പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെതുടര്‍ന്ന് ഇവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.
മൂന്ന് ദിവസമായി തങ്ങള്‍ക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ പറയുന്നു. അരി മാത്രമാണ് ലഭിക്കുന്നത്. പച്ചക്കറികളും മറ്റും ലഭിക്കുന്നില്ല. ആഴ്ചകളോളം പണിക്ക് പോവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പട്ടിണി സഹിച്ച് ഇനിയും കഴിയാനാവില്ലെന്നും ഇവര്‍ പറയുന്നു.
സമരം ചെയ്താലെ നാട്ടിലേക്ക് പോകാനാകൂ എന്ന വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. തൊഴിലാളികളെ പ്രേരിപ്പിച്ച് പ്രതിഷേധത്തിന് നേതൃത്വം നല്കിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശി കബീറുള്‍(22), ബംഗാള്‍ സ്വദേശി നജ്ബുല്‍(30), സനവുല്(23) എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായാണ് തൊഴിലാളികള്‍ കൂട്ടമായി എത്തിയത്. ഓഫീസ് തുറക്കാന്‍ കഴിയാത്തവിധം ഇവര്‍ നില്‍ക്കുകയായിരുന്നു. കൂട്ടംകൂടി നില്ക്കാന് പാടില്ലെന്നും പിരിഞ്ഞു പോകണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടാക്കിയില്ല. തുടര്‍ന്നായിരുന്നു ലാത്തിവീശല്‍. പ്രതിഷേധക്കാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ തദ്ദേശസ്ഥാപന പ്രസിഡന്റുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജോലിക്ക് പോവാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേര് നാട്ടിലേക്ക് മടങ്ങിയതിന്റെ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ തൊഴിലാളികള്‍ എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇതേ തുടര്‍ന്ന് ഇവരുടെ ക്യാമ്പുകളിലെത്തി ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.
1500 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ പഞ്ചായത്തില്‍ ഉണ്ട്. ഇവര്‍ക്കെല്ലാം മൂന്നുതവണ ഭക്ഷണ കിറ്റ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും നാട്ടില്‍ പോകാന്‍ ട്രെയിന്‍ എത്തുമ്പോള്‍ എല്ലാവരെയും വിവരം അറിയിക്കാമെന്ന് പറഞ്ഞിരുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള പറഞ്ഞു.
കുറച്ച് ദിവസമായി പല തൊഴിലാളികളും നാട്ടില്‍ പോവണമെന്നാവശ്യവുമായി പഞ്ചായത്തോഫീസില്‍ വരാറുണ്ട്. അവരെ കാര്യം പറഞ്ഞ് ബോധിപ്പിച്ച് തിരിച്ചയക്കുകയാണ് പതിവെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: