പാരീസ്: പാരീസ് സെന്റ് ജര്‍മന്‍സിനെ (പിഎസ്ജി) ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. കൊറോണ മഹാമാരിയെ തുടര്‍ന്ന് ലീഗ് വണ്ണിലെ ശേഷിച്ച മത്സരങ്ങള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് പിഎസ്ജിയെ ജേതാക്കളായി പ്രഖ്യാപിച്ചത്.
മഹാമാരിയെ തുടര്‍ന്ന് ലീഗ് മത്സരങ്ങള്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ മത്സരങ്ങള്‍ നിര്ത്തിവയ്ക്കുമ്പോള് പിഎസ്ജി പോയിന്റ് നിലവില്‍ ഒന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്തുള്ള മാഴ്സെലെയെക്കാള് പന്ത്രണ്ട് പോയിന്റിനു മുന്നിലായിരുന്നു പിഎസ്ജി. പത്ത് റൗണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് ലീഗ് വണ്‍ റദ്ദാക്കിയത്.
എട്ട് വര്‍ഷത്തിനുള്ളില്‍ പിഎസ്ജിയുടെ ഏഴാം ലീഗ് വണ്‍ കിരീടമാണിത്. ഇതോടെ പിഎസ്ജിക്ക് മൊത്തം ഒമ്പത് ലീഗ് വണ്‍ കിരീടങ്ങളായി. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ അവസാനിച്ചശേഷം ആരാധകര്‍ക്കൊപ്പം ആഘോഷ പ്രകടനം നടത്തുമെന്ന് പിഎസ്ജി അധികൃതര്‍ അറിയിച്ചു.
പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനക്കാരായ മാഴ്സെക്ക് ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട്് പ്രവേശനം ലഭിച്ചു. മൂന്നാം സ്ഥാനക്കാരായ റെന്നെസിന് യോഗ്യതാ റൗണ്ട് കളിക്കാന്‍ അര്‍ഹത ലഭിച്ചു. നാലാം സ്ഥാനക്കാരായ ലില്ലിക്ക് യൂറോപ്പ ലീഗില്‍ കളിക്കാന്‍ യോഗ്യത കിട്ടി. പോയിന്റ് നിലവില്‍ ഏറ്റവും പിന്നിലായിരുന്നു ടൗലോസ്, അമീന്‍സ് ടീമുകളെ തരം താഴ്ത്തി. രണ്ടാം ഡിവിഷനിലെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ലോറിയന്റ്, ലെന്‍സ് ടീമുകളെ ലീഗ് വണ്ണിലേക്ക് സ്ഥാനക്കയറ്റം നല്കി.
നിലവിലെ പോയിന്റ് അടിസ്ഥാനത്തില്‍ പി
എസ്ജിയെ ചാമ്പ്യന്മാരാക്കിയ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലിയോണ്‍ ക്ലബ്ബ് അറിയിച്ചു. ലീഗ് റദ്ദാക്കിയതോടെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനുള്ള അവസരം ലിയോണിന് നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: