പന്തീരാങ്കാവ്: മോഷണം പോയ പ്രാവുകളെ ചത്ത നിലയില്‍ കണ്ടെ ത്തി. പള്ളിക്കണ്ടി സ്വദേശി ജിതേഷിന്റെ മോഷണം പോയ പ്രാവുകളെയാണ് ഇന്നലെ രാവിലെ ഒളവണ്ണയില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ജിതേഷ് ഒളവണ്ണ നാഗത്തുംപാടത്ത് എത്തി ചത്തത് മോഷണം പോയ തന്റെ പ്രാവുകളാണെന്ന് തിരിച്ചറിഞ്ഞു. ഒരു പ്രാവ് ജീവനോടെയുണ്ടായിരുന്നു
ഇന്‍ഡസ്ട്രിയല്‍ ജോലിക്കാരനായ ജിതേഷിന്റെ 60 പ്രാവുകളാണ് ഇന്നലെ പുലര്‍ച്ചയോടെ മോഷണം പോയത്. ഇത് സംബന്ധിച്ച് ചെമ്മങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. സ്വകാര്യ സ്ഥാപനത്തിനോട് ചേര്‍ന്ന് സജ്ജീകരിച്ച കൂടുകളില്‍ നിന്നാണ് പ്രാവുകളെ മോഷ്ടിച്ചത്. മത്സരപ്പറത്തലിന് പ്രത്യേക പരിശീലനം നല്കിയ പ്രാവുകളാണ് മോഷ്ടിക്കപ്പെട്ടതും തുടര്‍ന്ന് കൊന്നുതള്ളപ്പെട്ടതും. ജിതേഷിന്റെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
രാവിലെ പ്രാവുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലായിരുന്നു. തുടര്‍ന്ന് പ്രാവുകളെ പരിശോധന യ്ക്കായി കൊണ്ടു പോവുകയും ചെയ്തിരുന്നു. വൈകീട്ടോടെ ഈ പരിശോധനാഫലവും പുറത്ത് വന്നു. ചത്തപ്രാവുകള്ക്ക് രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ഒളവണ്ണ മൃഗ സംരക്ഷണ ആശുപത്രിയിലെ വെറ്ററിനറി സര്ജന് ഡോ. മഞ്ജുഷ, ഒളവണ്ണ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.കെ. അജയ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അലി, നല്ലളം പോലീസ് എന്നിവര്‍ സ്ഥലത്തു എത്തി പരിശോധന നടത്തി. ചത്ത പ്രാവുകളെ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മൃഗ സംരക്ഷണ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് മോഷണം പോയ പ്രാവാണെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: