കൊല്‍ക്കത്ത : ബംഗാളിലെ സ്ഥിതി ദയനീയമാണ്. ഇനിയും ഈ നില തുടരുകയാണെങ്കില്‍ സംസ്ഥാനം അര്‍ധസൈനിക വിഭാഗത്തിന്റെ സഹായം തേടേണ്ടി വരുമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധാംകര്‍. ബംഗാളില്‍ ലോക്ഡൗണും സാമൂഹിക അകല പരിപാലനവും കൃത്യമായി നടപ്പിലാക്കാന്‍ സംസ്ഥാന പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും മമത സര്‍ക്കാരിനെ കുറ്റപ്പെടുത്തി ധാംകര്‍ അറിയിച്ചു.
ലോക് ഡൗണ്‍ മെയ് 3 വരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. കോവിഡ് വ്യാപനം തടയണമെങ്കില്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കണം.
എന്നാല്‍ സാമൂഹിക അകല പാലനം 100 ശതമാനം ഉറപ്പ് വരുത്തുന്നതില്‍ പോലീസും സര്‍ക്കാരും പരാജയപ്പെടുകയാണ്. ആളുകള്‍ കൂട്ടം കൂടുന്നതിനും മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനോ ഇവിടെ യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പിലാക്കാനായിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് അര്‍ധ സൈനിക വിഭാഗത്തിന്റെ സഹായം തേടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ധാംകര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ബംഗാളില്‍ 213 പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിരവധി പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: