ബേഡകം (കാസർകോട്): ലോകത്താകമാനം പടർന്നു പിടിക്കുന്ന കൊറോണ വൈറസ് നിർമ്മാർജനവുമായി ബന്ധപ്പെട്ട് കേന്ദ്ര-കേരള സർക്കാരുകൾ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിക്കാൻ ആഹ്വാനം ചെയ്ത മുൻ ബ്ലോക് പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ബന്തടുക്ക മലാംകുണ്ട് സ്വദേശി ഊത്തിക്കര ഒ. വി. വിജയനെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. ഇന്ത്യൻ പ്രധാനമന്ത്രിയെയും കേരളാ മുഖ്യമന്ത്രിയെയും മോശമായ ഭാഷയിൽ അപമാനിച്ചു കൊണ്ടും ചോദ്യം ചെയ്തു കൊണ്ടും ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രവർത്തനങ്ങളെ അവഹേളിച്ചു കൊണ്ടുമുള്ള ശബ്ദ സന്ദേശമാണ് വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട് പ്രചരിപ്പിച്ചത്. ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിനെ അവഗണിക്കാനും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് പുറപ്പെടുവിച്ച ഉത്തരവുകൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കുന്ന രീതിയിലുമായിരുന്നു ആഹ്വാനം.
ഇയാൾക്കെതിരെ ഇ. മധുസൂതനൻ നായർ എന്നയാൾ ബേഡകം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം, കേരള പോലീസ് നിയമം എന്നിവയിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ബേഡകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസ് നിർമ്മാർജനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും പോലീസിന്റയും നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാത്തവർക്കെതിരെയും നവമാധ്യമങ്ങളിൽ കൂടി തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതsക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ബേഡകം സി.ഐ ടി.ഉത്തംദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: