ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കയ്യില്‍ നിന്ന് 22 എംഎല്‍എയും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
എംഎല്‍എമാര്‍ കോണ്‍ഗ്രസ്സ് വിട്ടതോടെ സംസ്ഥാന ഭരണം തന്നെ പ്രതിസന്ധിയിലാവുകയും കമല്‍നാഥ് സര്‍ക്കാരിന്റെ ഭൂരിപക്ഷ പിന്തുണ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണം. നിയമസഭയില്‍ എത്തുന്ന വിമത എംഎല്‍എമാര്‍ക്ക് കര്‍ണ്ണാടക, മധ്യപ്രദേശ് ഡിജിപിമാര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ സമ്മര്‍ദ തന്ത്രം അവസാനിപ്പിച്ച് കമല്‍നാഥ് രാജിവെയ്ക്കുകയായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. സിന്ധ്യക്ക് പിന്നാലെ 22 എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. ഇവരുടെ രാജി സ്പീക്കര്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. ഇതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആയി ചുരുങ്ങി. ബിജെപിക്ക് നിലവില്‍ 107 അംഗങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: