കാസര്‍ഗോഡ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടുമെന്ന് കാസര്‍ഗോഡ് കലക്ടര്‍ ഡി. സജിത്ബാബു. വീടുകളില്‍ ഒറ്റയ്ക്കാണ് കഴിയേണ്ടത്. കുടുംബാംഗങ്ങളെയും കാണരുത്. ലംഘിച്ചാല്‍ സര്‍ക്കാരിന്റെ പരിമിതസൗകര്യങ്ങളില്‍ കഴിയേണ്ടിവരും. സമൂഹവ്യാപനത്തിന് സാധ്യതയില്ലെന്നും സജിത്ബാബു പറഞ്ഞു. കര്‍ണാടകത്തില്‍ നിന്ന് അവശ്യസാധനനീക്കം തടയില്ല. പ്രധാന അഞ്ചുറോഡുകളില് നിയന്ത്രണത്തോടെ ഗതാഗതം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡ് കൊവിഡ് ബാധിച്ചയാള്ക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലാണ്. കുഡ്ലു സ്വദേശിയായ ഇയാളില്‍ നിന്നാണ് അഞ്ചുപേര്‍ക്ക് കൊവിഡ് പടര്‍ന്നത്. നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചതിനാണ് കേസ്. ഇയാള്‍ അധികൃതരോട് സഹകരിക്കുന്നില്ലെന്ന് കാസര്‍ഗോഡ് കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. കടകള്‍ തുറന്ന 11 പേര്‍ക്കെതിരെ കേസെടുത്തു. ആറുമാസം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി.
കാസര്‍ഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലുമെത്തി. തളിപ്പറമ്പിലെ ഒരു മരണവീട്ടില്‍ ഇദ്ദേഹം എത്തിയതായാണ് സൂചന. അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര് കണ്ണൂരില്‍ നിരീക്ഷണത്തിലാണ്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അടുത്ത ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധാനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചത്തേക്കും അടച്ചിടും. ഇന്ന് ഉച്ചയോടെ കാസര്‍ഗോഡ് നിന്ന് കര്‍ണാടകയിലേക്കുള്ള ഗതാഗതം നിരോധിക്കും. ഈമാസം 31 വരെയാണ് നിരോധനം.
അതേസമയം, ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പന്ത്രണ്ടില്‍ ആറുപേര്‍ എറണാകുളത്താണ് ചികില്‍സയിലുള്ളത്. സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്ന 37പേരില്‍ ഒരു വിദേശി ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: