തിരുവനന്തപുരം: സമൂഹത്തിന്റെ വിവിധതുറകളില്‍ നിന്നു വ്യാപകമായ പ്രതിഷേധവും സമ്മര്‍ദവും ഉയര്‍ന്നിട്ടും ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടാതെ സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ബാറുകള്‍ പൂട്ടാന്‍ തീരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, സുരക്ഷാമുന്‍കരുതല്‍ എന്ന തരത്തില്‍ ബാറുകളിലെ ടേബിളുകള്‍ അകത്തിയിട്ടാല് മതിയെന്നും ജീവനക്കാര്‍ പ്രതിരോധസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും മാത്രം മന്ത്രിസഭ നിര്‍ദേശിച്ചു. ബാറുകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശമുണ്ട്. ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടില്ല.
അതേസമയം, കോവിഡ് പ്രതിരോധ നിര്‍ദേശങ്ങല്‍ കാറ്റില്‍പ്പറത്തി നാലുജില്ലകളില്‍ കള്ള്ഷാപ്പ് ലേലവും ഇന്നു നടക്കുകയാണ്. ഉദ്യോഗസ്ഥരടക്കം വന്‍ ജനക്കൂട്ടമാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. മലപ്പുറം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ലേലം നടക്കുന്നത്. ഇതില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ലേല നടപടികള്‍ താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊറോണ ഭീതി വ്യാപകമായെങ്കിലും ബിവറേജസ് വില്‍പ്പനശാലകള്‍ അടക്കില്ലെന്ന് എക്സൈസ് വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ബിവറേജസില്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. മദ്യവില്പനശാലകള് അടച്ചുപൂട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനാല്‍ ബെവ്കോയില്‍ ജീവനക്കാര്‍ക്ക് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കും. വില്‍പ്പനശാലകളില്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എക്സൈസ് കമ്മീഷണര്‍ സര്‍ക്കുലറായി ഇറക്കിയിരുന്നു. മാര്‍ച്ച് 31 വരെയുള്ള കാലയളലില്‍ ബെവ്കോ ഔട്ലെറ്റുകള് അടച്ചിട്ടാല്‍ സംസ്ഥാനത്തിന് ഇത് വന്‍ നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ബിവറേജസില്‍ നിന്നുള്ള വരുമാനം നിലയ്ക്കുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാകും അതിനാല്‍ ഒരുവിധത്തിലും ബെവ്കോ അടച്ചിടില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. അതേസമയം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്നും ഔട്ട്ലെറ്റുകള് അടച്ചിടില്ലെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: