രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി) 629 പാക്കിസ്ഥാന് യുവതികളെ ചൈനീസ് പുരുഷന്മാരുടെ വധുവാക്കാന്‍ അനധികൃതമായി ചൈനയിലേക്കു കടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനയാത്രകളുടെ ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്ന പാക്കിസ്ഥാന്റെ ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ നിന്നാണ് മനുഷ്യക്കടത്തിന് ഇരയായ 629 പേരുടെ പട്ടിക അവര്‍ക്ക് ലഭിച്ചത്. പെണ്‍കുട്ടികളുടെ പൗരത്വം, ചൈനീസ് ഭര്ത്താക്കന്മാരുടെ പേരുവിവരങ്ങള്‍, വിവാഹ തീയതി തുടങ്ങിയവ ഇതിലുണ്ട്. 2018നും 2019 ഏപ്രലിനും ഇടയിലാണ് വിവാഹങ്ങള്‍ നടന്നിരിക്കുന്നത്. ഈ പട്ടിക തയാറാക്കുന്നതിന് മുന്‍പും ശേഷവും എത്ര പെണ്‍കുട്ടികള്‍ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമല്ല.
ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെയാണ് മനുഷ്യക്കടത്ത് മാഫിയ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ദാരിദ്ര്യമനുഭവിക്കുന്ന വിഭാഗമെന്ന നിലയിലാണ് ഇവര്‍ മനുഷ്യക്കടത്തുകാരുടെ ഇരകളാക്കപ്പെടുന്നത്. ഒറ്റക്കുട്ടി പദ്ധതിയും പെണ്‍ഭ്രൂണഹത്യയും കാരണം സ്ത്രീകളെക്കാള്‍ 3.4 കോടി അധികം പുരുഷന്മാരുള്ള ചൈനയില്‍ വിദേശ വനിതകളുടെ ആവശ്യം വര്‍ധിക്കുകയാണ്. ഭരണകൂടങ്ങളുടെ ഒത്താശയോടെയാണ് ഈ അനീതികള്‍ തുടരുന്നതും. മതന്യുനപക്ഷങ്ങള്‍ക്ക് മൃഗങ്ങളുടെ പരിഗണന പോലും നല്‍കാത്ത പാക് സര്‍ക്കാര്‍ ഇത്തരം മനുഷ്യക്കടത്തില്‍ പ്രതികളാക്കപ്പെട്ടവരെ തുടര്‍നടപടികളൊന്നും എടുക്കാതെ വിട്ടയക്കുന്നു. ഈ മനുഷ്യക്കടത്തില്‍ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളില്‍ മിക്കവരും ചൈനയില്‍ ഉപേക്ഷിക്കപ്പെടുകയോ വേശ്യാവൃത്തിക്ക് വിധേയരാവുകയോ ചെയ്യുന്നു. ക്രൂരമായ മര്‍ദനമേറ്റ് വീട്ടുതടങ്കലില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ തിരിച്ചുവരണമെന്ന നിലവിളി നിറഞ്ഞ ഫോണ്‍കോളുകളും സര്‍ക്കാരുകള്‍ അവഗണിക്കുന്നു. മോചിതരായി തിരികെ വന്നവരില്‍ നിന്നാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറംലോകമറിയുന്നത്.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മഠിയാരി ജില്ലയിലെ ഹാലായില്‍ 2020 ജനുവരിയില്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹവേദിയില്‍നിന്ന് ഷാരുഖ് മേമന് എന്നയാള്‍ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി. മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. ആ മാസംതന്നെ ജേക്കബാബാദ് ജില്ലയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതായും വാര്‍ത്ത വന്നിരുന്നു. പതിനാല് വയസ്സുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു. ഈ കേസില്‍ വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്ന് പാക്കിസ്ഥാനിലെ സിന്ധ് കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. കറാച്ചിയില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെ ഹാല നഗരത്തില്‍ 24 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ ഷാരൂഖ് ഖുല്‍ എന്ന മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പേരില്‍ ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി 2019 ഡിസംബറില്‍ യുഎന്‍ കമ്മീഷന് രംഗത്തുവന്നിരുന്നു. യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമണ്‍ കമ്മീഷനാണ് (സിഎസ്ഡബ്ല്യു) പാക്കിസ്ഥാന് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. വിവേചനപരമായ നിയമ നിര്‍മാണത്തിലൂടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കുള്ള ജനങ്ങളിലെ ‘തീവ്രമായ മാനസികാവസ്ഥ’ യെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് കമ്മീഷന്റെ വിമര്‍ശനം.
പാക് പോലീസ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ന്യൂനപക്ഷങ്ങളിലെ ഇരകളോടു വിവേചനപരമായാണ് പെരുമാറുന്നതെന്നും റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. മതംമാറ്റത്തിനും വിവാഹത്തിനും വിധേയമാകുന്നതില്‍ ഭൂരിഭാഗം പേരും 18 വയസ്സിന് താഴെയുള്ളവരാണ്. വിദ്യാഭ്യാസത്തിലെ കുറവും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ് ഇവരെ ലക്ഷ്യമിടാന്‍ കാരണം. ന്യൂനപക്ഷങ്ങളെ പാക്കിസ്ഥാനില്‍ രണ്ടാംനിര പൗരന്മാരായാണ് കണക്കാക്കുന്നതെന്ന് തെളിയിക്കാന്‍ നിരവധി ഉദാഹരണങ്ങളും കമ്മീഷന് നിരത്തുന്നുണ്ട്. സിഎസ്ഡബ്ല്യു റിപ്പോര്‍ട്ടില്‍ സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും സ്ഥിരമായി ശാരീരികമായും മാനസികമായും അപമാനങ്ങള്‍ ഉണ്ടാകാറുണ്ടെന്ന കുട്ടികളുടെ മൊഴിയും ശ്രദ്ധേയമാണ്.
പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടുത്ത ഭീഷണിക്കും അക്രമങ്ങള്‍ക്കും നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. സിഎഎ നിയമം ഭാരതത്തില്‍ നിലവില്‍ വന്നതിനു ശേഷവും പ്രമുഖ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ്. സ്ത്രീയെ മതം മാറ്റിയാല്‍ അവളിലൂടെ പിറന്നുവീഴുന്ന തലമുറ മുഴുവന്‍ ഇസ്ലാമാകും. അതുകൊണ്ട് തന്നെ ഇരകളാകുന്നതിലേറെയും സ്ത്രീകളാണ്. ലൗജിഹാദ് എന്ന ഓമനപേരില്‍ ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുകയും തീവ്രവാദികളെ സംരക്ഷിക്കുകയും ചെയ്യുന്ന നാടായി പാക്കിസ്ഥാനെ തുറന്നുകാട്ടാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
ഭാരതത്തില്‍ അഭയം തേടുന്നവരെ സംരക്ഷിക്കരുതെന്ന ചിലരുടെ നിഷേധാത്മക നിലപാടുകള്‍ അപകടമാണ്. ഈ നിയമത്തിനെതിരെ പോരാടാന്‍ ദല്‍ഹിയിലെ ഷഹിബാഗില് പുരുഷമേധാവിത്വത്തിന്റെ ചട്ടുകങ്ങളായി മാറി അനേകം സ്ത്രീകള്‍ രംഗത്തുവന്നതും ഖേദകരം തന്നെ. മതതീവ്രവാദികളും അര്‍ബന്‍ നക്സ്സലുകളും ഇടതുപക്ഷ ചിന്തകരും കോണ്‍ഗ്രസും പ്രക്ഷോഭം സംഘടിപ്പിച്ചു. പൗരത്വം നഷ്ടപ്പെട്ട ഒരു ഇന്ത്യന്‍ പൗരന്റെയെങ്കിലും പേരു പറയാന്‍ ഇവര്‍ക്ക് കഴിയുമോ?
ന്യൂനപക്ഷ മതങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ അയല്‍ രാജ്യങ്ങളോ കോടതിയോ തയ്യാറാകാത്ത സാഹചര്യത്തില്‍ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടോടി ഭാരതത്തിലെത്തുന്നവരെ പൗരത്വം നല്കി സംരക്ഷിക്കാന്‍ തയാറായതിനെ എതിര്‍ക്കുന്നത് തീര്‍ത്തും മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: