ബെംഗളൂരു: കൊറോണ വൈറസ് രോഗബാധമൂലം മരണം സംഭവിച്ചതായി സംശയിക്കുന്ന ആളിന്റെ സംസ്കാരം ആരോഗ്യവകുപ്പ് അധികൃതരുടെ കര്‍ശന മേല്‍നോട്ടത്തില്‍ നടന്നു. മതപുരോഹിതന് കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന് സിദ്ദിഖ് (76) ആണ് ഇന്നലെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ചുമ, പനി എന്നീ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിദ്ദിഖിന്റെ സാമ്പിളുകള്‍ പരിശോധിക്കാനായി ബെംഗളൂരുവിലെ ലാബിലേക്ക് അയയ്ച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന ഫലം ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനു ശേഷം മാത്രമെ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനുവരി 29ന് സൗദിഅറേബ്യയില്‍ പോയ സിദ്ദിഖ് ഫെബ്രുവരി 29നാണ് തിരികെയെത്തിയത്. ചുമയും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് ആദ്യം കലബുറഗിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഹൈദരാദബാദിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും ദിവസം മുന്‍പ് കൊറോണ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. എന്നാല്‍, മരുന്നുകളോട് പ്രതികരിക്കാതെ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ മരിച്ചു.
മൃതദേഹം അണുവിമുക്തമാക്കിയ ശേഷമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. അന്തിമ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നഗ്നമായ കൈകള്‍ കൊണ്ട് മൃതദേഹത്തില്‍ സ്പര്‍ശിക്കരുതെന്നും കലബുറഗി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം.എം. ജബ്ബാര്‍ നിര്‍ദേശം നല്കി. കലബുറഗി ജില്ലയില്‍ ഇതുവരെ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു.
അതേസമയം, സിദ്ദിഖിന്റെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമലു പറഞ്ഞു.
സിദ്ദിഖിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ആന്തരിക അവയവങ്ങളും തകരാറിലായിരുന്നതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കൊറോണ രോഗം പിടിപ്പെട്ടിരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല, ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. പുതിയതായി ആര്‍ക്കും കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ രോഗം പരിശോധിക്കാനെത്തുന്നവരുടെ തിരക്കാണ്. ഇതിന്റെ ആവശ്യമില്ല, രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: