കൊച്ചി: കൊറോണ ബാധിച്ചവര്‍ കേരളത്തിലെത്തിയെന്നതിനാല് അത്ര ഭയപ്പെടാനില്ലെന്ന് ആരോഗ്യ-ചികിത്സാ വിദഗ്ധര്‍. കേരളത്തില്‍ രോഗം ബാധിച്ചവരെ മാത്രമല്ല, സാധ്യതയുള്ളവരെപ്പോലും കൃത്യമായി കണ്ടെത്താന്‍ സംവിധാനമുണ്ട്. ചികിത്സിക്കാന്‍ സൗകര്യങ്ങളുമുണ്ട്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി അധ്യക്ഷന്‍ ഡോ. രാജീവ് ജയദേവന് ജന്മഭൂമിയോട് പറഞ്ഞു.
കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുണ്ട്. ഇത് വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരിലാണ്. ഇനി വേണ്ടത് പകരാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്. അതിന് സ്വയം കരുതല്‍ തന്നെയാണ് അത്യാവശ്യം. കേരളത്തില്‍ ഓഫീസുകളില്‍ പോകുന്നതിന് തടസമില്ല, പതിവ് ജോലികളില്‍നിന്ന് വിട്ടുനില്ക്കേണ്ടതില്ല. പകരാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
രോഗലക്ഷണമുള്ളവരോ വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ആയ ആളുകളെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനമായി. വിമാനത്താവളം മുതല്‍ അതിനുള്ള ആരോഗ്യ പ്രോട്ടോക്കോള്‍ തയാറാക്കി, നടപ്പാക്കി. ഇനി വേണ്ടത്, അത് അനുസരിക്കുകയെന്നുള്ളതാണ്. ഇവിടെയാണ് പൗരന്മാരുടെ ഉത്തരവാദിത്വം. രോഗം തക്കസമയത്ത് കണ്ടെത്തിയാല്‍ ചികിത്സിക്കാനുംശുശ്രൂഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൃത്യമായ റിപ്പോര്‍ട്ടിങ്ങാണ് ഇനി വേണ്ടത്. രോഗലക്ഷണം തോന്നിയാല്‍, സര്‍ക്കാര്‍ സംവിധാനത്തെയല്ലാതെ ഏറ്റവുമടുത്ത ചികിത്സാ കേന്ദ്രത്തെ ആശ്രയിക്കാന്‍ ശ്രമിക്കരുത്. സാധാരണ ക്ലിനിക്കുകളോ സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രികളോ പോലും സഹായകമല്ല. രോഗം സംശയിക്കുന്നവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സജ്ജമാക്കിയ ഐസൊലേഷന്‍ കേന്ദ്രങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലുമാണ് എത്തിക്കേണ്ടത്. അതിന് സര്‍ക്കാര്‍ സംവിധാനത്തെ അറിയിക്കുക, ആശ്രയിക്കുക.
വിദേശത്തുനിന്ന് വന്നവരോ രോഗബാധയ്ക്ക് ഇടയുള്ള സാഹചര്യത്തില്‍ പെട്ടവരോ ആയവര്‍ വീടുകളില്‍ ഐസൊലേഷന്‍ സംവിധാനത്തില്‍ നിരീക്ഷണ വിധേയരാകണം. ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ ഓരോരുത്തരും ഉത്തരവാദിത്വം കാണിക്കണം. വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്, വ്യാജമായവ പ്രചരിപ്പിക്കരുത്. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നത് ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും പോലും കൈമാറരുത്.
ചില തെറ്റായ പ്രചാരണങ്ങള്‍
തൊണ്ട നനച്ചുകൊണ്ടിരുന്നാല്‍ കൊറോണ വരില്ല
– തീര്‍ത്തും വ്യാജ പ്രചാരണം
മദ്യപിച്ചാല്‍ കൊറോണ വൈറസ് നശിക്കും
– തീര്‍ത്തും അസത്യം
നോണ്‍ വെജ് കഴിച്ചാല്‍ കൊറോണ വരും
– വ്യാജ വാര്‍ത്ത. മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്ന അനേകം വൈറസുകളില്‍ ഒന്നാണ് കൊറോണ എന്നത് വാസ്തവം. എന്നാല്‍ ഇപ്പോള്‍ അത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണ് പകരുന്നത്. അതുകൊണ്ട് നോണ്‍ വെജ് ഭക്ഷണം ഒഴിവാക്കേണ്ട കാര്യമില്ല. (എന്നാല്‍, പക്ഷിപ്പനി പോലെയുള്ള രോഗങ്ങള്‍കൂടി ഇപ്പോള്‍ ഉള്ളതിനാല്‍ കരുതിവേണം മാംസാഹാരമെന്നത് കൊറോണ അനുബന്ധ മുന്നറിയിപ്പല്ല)
സാധാരണ മാസ്ക് ധരിച്ചാല്‍ കൊറോണ വരില്ല
– പനിയുള്ള രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേക എന്‍-95 മാസ്ക് ധരിക്കേണ്ടതാണ്. അത് മുഖത്ത് വിടവില്ലാതെ നന്നായി ഫിറ്റ് ചെയ്യണം. സാധാരണ മാസ്ക് വൈറസിനെ തടഞ്ഞു നിര്‍ത്തില്ല. കാരണം, അവയുടെ സുഷിരങ്ങളിലും വിടവിലും കൂടി വൈറസ് അടങ്ങിയ ചെറിയ കണങ്ങള്‍ ഉള്ളില്‍ പ്രവേശിക്കും
അറിയുക
- വൈറസ് ശ്വാസകോശത്തെ സാരമായി ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്
- കൃത്യമായ ചികിത്സയില്ലാത്ത കൊറോണയുടെ കേസിലും, നിപ്പയുടെ കാര്യത്തിലെന്ന പോലെ വൈറസ് പൊതുസമൂഹത്തില്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി കൈക്കൊള്ളുകയാണ് വേണ്ടത്.
- ചുമ, തുമ്മല്‍ എന്നിവ വന്നാല്‍ കൈമുട്ട് മടക്കി അതിലേക്കാണ് ചുമയ്ക്കേണ്ടത്. അപ്പോള്‍ വിരലുകളില്‍ വൈറസ് പറ്റില്ല, സ്പര്‍ശനത്തിലൂടെ പടരില്ല
- ഹസ്തദാനം പരമാവധി ഒഴിവാക്കുക. പകരം കൂപ്പുകൈ ആവാം
- പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ കഴുകാത്ത കൈ കൊണ്ട് ഇടയ്ക്കിടയ്ക്ക് മൂക്ക്, മുഖം, ചുണ്ട് ഇവയൊക്കെ തൊടുന്നത് ഒഴിവാക്കുക
- വൈറല്‍ പനിയുള്ളവര്‍ പനി മാറി രണ്ടു ദിവസം വരെയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക. പനിയുള്ള വിദ്യാര്‍ഥികള്‍ ക്ലാസിലുള്ള മറ്റുള്ളവര്‍ക്ക് പനി പടര്‍ത്താന്‍ സാധ്യത കൂടുതലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: