തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശബരിമല മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന അഭ്യര്‍ത്ഥനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരും ആരോഗ്യവകുപ്പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ അഭ്യര്‍ത്ഥനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പത്രസമ്മേളനത്തില്‍ പറഞ്ഞു.
വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സന്ദര്‍ഭമാണിതെന്നും അതിനാല്‍ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇങ്ങനെയൊരു തീരുമാനം മാത്രമേ കൈകൊള്ളനാകുവെന്നും പ്രസിഡന്റ് പറഞ്ഞു. തമിഴ്നാട് കര്‍ണാടക ആന്ധ്ര എന്നീ അയല്‍ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കും. ശബരിമലയിലെ അപ്പം അരവണ കൗണ്ടറുകള്‍ അടച്ചിടും. ഭക്തരെത്തിയാല്‍ തടയാനൊന്നും തീരുമാനം ഇല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
മാസപൂജയ്ക്കായി ഈ മാസം 13നാണ് ശബരിമല നട തുറക്കുന്നത്. അയ്യപ്പ ദര്‍ശനത്തിന് സംസ്ഥാനത്ത് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും നിരവധി ഭക്തന്മാര് ശബരിമലയില്‍ എത്തുന്നതാണ് പതിവ്.
ഈ മാസം ശബരിമലയിലേക്ക് യാത്ര തീരുമാനിച്ചിക്കുന്ന അയ്യപ്പഭക്തര്‍ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റണമെന്നും ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. കൊറോണ ഭീക്ഷണയുടെ പശ്ചാത്തലത്തില്‍ നിലവിലെ എല്ലാസാഹചര്യവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. കൊറോണ വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികളോട് ബോര്‍ഡ് പൂര്‍ണ്ണമായും സഹകരിക്കും.ശബരിമല നട ഈ മാസം 13 ന് തുറന്ന് 18 ന് അടക്കും. ആചാരപരമായ എല്ലാ ചടങ്ങുകളും പൂജകളും ശബരിമലയില്‍ നടക്കും. ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ നടതുറക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ഉണ്ടാകും. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തേണ്ടതില്ലെന്നും പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.സാധാരണ മാസപൂജകള്‍ക്കായി നടതുറക്കുന്ന സമയത്ത് ശബരിമലയില്‍ ഡ്യൂട്ടിയില്‍ എത്താറുള്ള വിവിധ സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ ഈമാസം ഡ്യൂക്കിയ്ക്ക് വരേണ്ടതില്ല.
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ ,എഴുന്നെള്ളത്ത് എന്നിവ ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കലാപരിപാടികള്‍ റദ്ദ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ദേവസ്വം പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ സ്കൂളുകള്‍,അണ് എയ്ഡഡ്,എയ്ഡഡ് കോളേജുകള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് അടയ്ക്കും. അതേസമയം കലാപീഠത്തിലെ കുട്ടികളുടെ പരീക്ഷകള്‍ യഥാസമയത്ത് നടക്കുമെന്നും അദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: