ഫറ്റോര്‍ഡ(ഗോവ): ലീഗ് റൗണ്ടില്‍ മുന്നിലെത്തിയ എഫ്സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുറത്തേക്കുള്ള വാതിലിനരികില്‍. കഴിഞ്ഞയാഴ്ച ചെന്നൈയിലെ മറീന അരീനയില്‍ ചെന്നൈയിന് എഫ്സി കെട്ടിയുയര്‍ത്തിയ 4-1 ന്റെ ലീഡ് മറികടന്നാലേ അവര്‍ക്ക് ഫൈനലില്‍ കടക്കാനാകൂ. കലാശപ്പോരാട്ടത്തില്‍ ഇടം തേടി ഈ ടീമുകള്‍ ഇന്ന് രണ്ടാം പാദ സെമിയില്‍ മാറ്റുരയ്ക്കും. രാത്രി 7.30 നാണ് കിക്കോഫ്.
ആദ്യ പാദ സെമിയില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജയിച്ചുകയറിയ ചെന്നൈയിനെ മറികടന്ന് ഫൈനലിലെത്തണമെങ്കില് ഗോവയ്ക്ക് ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും. ചെറിയൊരു വിജയം കൊണ്ട് ഫൈനല്‍ ഉറപ്പാകില്ല. വമ്പന്‍ വിജയം തന്നെ നേടണം.
ആദ്യ പാദ സെമിയില്‍ നിന്ന വിട്ടുനിന്ന ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ഹ്യൂഗോ ബൗമസ്, എഡു ബേദിയ എന്നിവര്‍ തിരിച്ചെത്തിയത് ഗോവയുടെ ആത്മവീര്യം ഉയര്‍ത്തിയിട്ടുണ്ട്. മന്‍വീര്‍ സിങ്, ലെന് ഡോങ്കല്‍ എന്നിവര്‍ക്ക് പകരം ഫെര്‍ണാണ്ടസും ബൗമസും അവസാന ഇലവനില്‍ ഇടം പിടിക്കും.
ഓവന് കോളിന്റെ ചെന്നൈയിന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളിക്കളത്തിലിറങ്ങുന്നത്. ആദ്യ പകുതിയില്‍ നേടിയ വന്‍ വിജയം അവരെ ഫൈനലിനടുത്തെത്തിച്ചിരിക്കുയാണ്. ഇന്ന് ഗോവയോട് ചെറിയ മാര്‍ജിനില്‍ തോറ്റാല്‍പ്പോലും അവര്‍ക്ക് ഫൈനലില്‍ കടക്കാം.
എഫ്സി ഗോവയും ചെന്നൈയിന് എഫ്സിയും ഇതുവരെ പതിനേഴ് തവണ ഏറ്റുമുട്ടി. ഇതില്‍ ഒമ്പത് തവണയും ഗോവയാണ് വിജയക്കൊടി നാട്ടിയത്. ഏഴു തവണ ചെന്നൈയിന് വിജയിച്ചു.
ഫറ്റോര്‍ഡയില്‍ ഗോവ അപൂര്‍വമായാണ് തോല്‍വി ഏറ്റുവാങ്ങാറുള്ളത്. ആക്രമണ ഫുട്ബോള്‍ തന്നെ അവര്‍ കെട്ടഴിക്കും. ചെന്നൈയിനും പ്രത്യാക്രണം നടത്തുന്നതോടെ മികച്ചൊരു ഫുട്ബോള്‍ വിരുന്ന തന്നെ കാണികള്‍ക്ക് പ്രതീക്ഷിക്കാം. നാളെ കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ ബെംഗളൂരു എഫ്സി എടികെയെ എതിരിടും. ബെംഗളൂരുവില്‍ നടന്ന ആദ്യ പാദ സെമിയില്‍ ബെംഗളൂരു എഫ്സി മടക്കമില്ലാത്ത ഒരു ഗോളിന് എടികെയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: