കാസര്‍കോട്: കൊറോണ വൈറസ് (കോവിഡ്19) വിവിധ ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന കോവിഡ്19 ജില്ലാതല പ്രതിരോധ സമിതി യോഗം തീരുമാനിച്ചു.
കോവിഡ്19 രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ സഹായിക്കാന്‍ പഞ്ചായത്ത് നഗരസഭാ തലത്തിലെ വാര്‍ഡ്തല ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജാഗ്രതസമിതിയില്‍ കുടുംബശ്രീ അംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉണ്ടായിരിക്കണം. പഞ്ചായത്ത് നഗരസഭാതലത്തിലെ ജാഗ്രത സമിതികളുടെ ഏകോപനത്തിനുള്ള ചുമതല അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിക്ക് ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. വിദ്യാലയങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നുമുള്ള പഠന യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും ജില്ലയിലേക്ക് വിനോദസഞ്ചാരത്തിന് സഞ്ചാരികള്‍ എത്തിയാല്‍ ഉടന്‍ ആ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോലീസ് ഒന്നിടവിട്ട് പരിശോധന നടത്തും. ഇറാന് ഇറ്റലി, ചൈന, ഹോങ്കോങ്, തായ്ലാന്ഡ്, സിംഗപ്പൂര്‍, ജപ്പാന്, സൗത്ത് കൊറിയ വിയറ്റ്നാം, നേപ്പാള്‍, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണം. ചുമ, തുമ്മല്‍, പനി എന്നീ രോഗ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ജില്ലാ കൊറോണ കണ്ട്രോള് സെല്ലിനെ സമീപിക്കണം. കൊറോണ കണ്ട്രോള് സെല്‍ നമ്പര്‍ 9946000493. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വകുപ്പുകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി, മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: