തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തിനും സ്വര്‍ണത്തിന്റെ നികുതിവെട്ടിപ്പിനും വേണ്ടി ജിഎസ്ടി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് സമ്മതിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സംസ്ഥാന നികുതി വകുപ്പിനെ നോക്കുകുത്തിയാക്കി സ്വര്‍ണവ്യാപാരത്തില്‍ മാത്രം പ്രതിവര്‍ഷം 3,000 കോടി രൂപയുടെയുടെ വെട്ടിപ്പാണ് നടക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് ധനമന്ത്രിയുടെ സമ്മതം.
പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വര്‍ഷം 18,000 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടക്കുന്ന കേരളത്തില്‍ 300കോടിയില്‍ താഴെയാണ് നികുതി വരുമാനം ലഭിക്കുന്നതെന്നും ധനവകുപ്പിന്റെ അനാസ്ഥയാണെന്നും ഇത് സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണം എന്നും ആവശ്യപ്പെട്ടു. ഇതിന് മറുപടി പറയവെയാണ് സംസ്ഥാനത്ത് സ്വര്‍ണവ്യാപാര രംഗത്ത് വന്‍ നികുതിക്കൊള്ള നടക്കുന്നുവെന്ന് ധനമന്ത്രി സമ്മതിച്ചത്.
ജിഎസ്ടി നടപ്പാക്കി നികുതി വര്‍ധിപ്പിച്ചിട്ടും സ്വര്‍ണവ്യാപാരത്തില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2017 ല്‍ സ്വര്‍ണത്തിന്റെ വാറ്റ് നികുതിയില്‍ നിന്നും 750 കോടി ലഭിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ നികുതി 1.40 മടങ്ങ് ആയി. 1,800 കോടി കിട്ടേണ്ടിടത്ത് ലഭിച്ചത് 200കോടി മാത്രമാണ്. 2016-17 ല്‍ ഗ്രാമിന് 2,650 രൂപആയിരുന്നത് ഇന്ന് 3,905 വരെയാണ്. അമ്പത് ശതമാനത്തിലധികം തുക വര്‍ദ്ധിച്ചിട്ടും നികുതി വരുമാനം ലഭിക്കുന്നില്ല. 18,000 കോടിയുടെ വില്പന നടക്കുമ്പോള്‍ 3,000കോടി രൂപ നികുതിയായി ലഭിക്കണം. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 300കോടി മാത്രമാണ്.
700 ടണ്‍ സ്വര്‍ണത്തോളം വില്‍ക്കുന്ന കേരളത്തില്‍ എല്ലാ വിധ നികുതി വെട്ടിപ്പുകളും നടത്തിയാലും 1,800കോടിയെങ്കിലും വരുമാനം വരേണ്ടതാണ്. ഡിആര്‍ഡി, കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി കിലോക്കണക്കിന് സ്വര്‍ണം പിടിക്കുന്നു. ജിഎസ്ടി നിയമത്തില്‍ അധികാരം നല്‍കിയിട്ടും സംസ്ഥാന നികുതി വകുപ്പ് പരിശോധനകള്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷം കണക്കുകള്‍ നിരത്തി.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിവച്ചാണ് ധനമന്ത്രി മറുപടി നല്‍കിയത്. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് യഥേഷ്ടം നടക്കുകയാണെന്ന് ധമന്ത്രി സമ്മതിച്ചു. സ്വര്‍ണം കടത്തിക്കൊണ്ട് വന്ന് വില്കുന്നതിനാല് നടപടി എടുക്കാനാകുന്നില്ല. പഴയ സ്വര്‍ണം എന്ന പേരില്‍ വിറ്റഴിക്കുന്നു.
ലക്ഷക്കണക്കിന് സ്വര്‍ണക്കടകളുള്ള കേരളത്തില്‍ 75 കടകളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നും ധനമന്ത്രി സമ്മതിച്ചു. എന്നാല്‍ ജിഎസ്ടി നിയമത്തില്‍ മാറ്റം വരാത്തതാണ് കാരണമെന്ന് പറഞ്ഞ് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ജിഎസ്ടി നിയമം സഭയില്‍ വായിച്ചതോടെ സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് ധനമന്ത്രി തലയൂരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: