ഇടുക്കി: ഒരാഴ്ചയ്ക്കുള്ളില്‍ ഇടുക്കിയില്‍ അഞ്ചാമതും ഭൂചലനം. ഇന്നലെ രാവിലെ 7.45നും 8.30നുമാണ് പാണ്ടിപ്പാറ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. ശബ്ദത്തോടെ ഉണ്ടായ ചലനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി. പലരും വീടുകളില്‍ നിന്ന് പുറത്തേക്കോടി. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഭൂചലനം അനുഭവപ്പെടുന്നത് ഇടുക്കി ജില്ലയെ ആശങ്കയിലാഴ്ത്തി. ചെറുതോണി, കുളമാവ്ഡാമുകള്ക്ക് സമീപംതാമസിക്കുന്നവരാണ് ഏറെപരിഭ്രാന്തര്.
രണ്ടാഴ്ചയോളമായി ഇടവിട്ട ദിവസങ്ങളില്‍ ചലനം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലുണ്ടായ ചലന കേന്ദ്രത്തിന്റെ പ്രഭവ സ്ഥാനം ഇടുക്കി ഡാമിനടുത്തെ കാല്‍വരി മൗണ്ടാണെന്ന് കണ്ടെത്തിയിരുന്നു. റിക്ടര്‍ സ്കെയിലില്‍ 1.5 തീവ്രതയാണ് അന്നത്തെ ചലനം രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ കല്യാണത്തണ്ടിനും കുറത്തി മലയ്ക്കും ഇടയില്‍ ചലനം ഉണ്ടായി.
2018-ലെ പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മേഖലയാണ് ഇടുക്കി. തുടര്‍ച്ചയായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളുമടക്കം ഇടുക്കിയുടെ ഭൂപ്രകൃതിയില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയ പ്രളയമാണ് കടന്നുപോയത്.
അതിശക്തമായി പെയ്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളമാണ് മേഖലയില്‍ പ്രളയക്കെടുതിക്കിടയാക്കിയത്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായ ചലനങ്ങള്‍ ഇടുക്കി നിവാസികളെ ഭയപ്പെടുത്തുന്നതാണ്. മുല്ലപ്പെരിയാറിന്റെ ബലത്തെക്കുറിച്ച് പല വിവാദങ്ങളും പല കാലങ്ങളിലായി ഉണ്ടായിരുന്നതിന്റെ ഭീതിയും ജനങ്ങളെ വിട്ടുപോയിട്ടില്ല. തുടര്‍ച്ചയായി ചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ പഠനം നടത്തുമെന്ന പതിവു മറുപടി മാത്രമാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: