ആലപ്പുഴ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ തോല്‍വിക്ക് കാരണക്കാരെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയ നേതാക്കള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കോണ്‍ഗ്രസില്‍ വിവാദമാകുന്നു. സംസ്ഥാനത്തെ മറ്റു പത്തൊമ്പത് സീറ്റുകളിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ ആലപ്പുയില്‍ മാത്രം പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ പാര്‍ട്ടിയിലെ തന്നെ ചിലര്‍ കാലുവാരിയതിനാലാണ് സിപിഎമ്മിലെ എ.എം. ആരീഫ് കഷ്ടിച്ച് കടന്നുകൂടിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന നേതാവ് പ്രൊഫ. കെ.വി. തോമസ് അദ്ധ്യക്ഷനായി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന് നടത്തിയ തെളിവെടുപ്പുകളുടെയും മറ്റു കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ നാല് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇതംഗീകരിച്ച് ഇവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.
ഇവരെയാണ് മാസങ്ങള്‍ക്കകം ഡിസിസി ജനറല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിയമിച്ചത്. അദ്ദേഹം പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇവര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ അച്ചടക്ക നടപടിക്ക് വിധേയരായവരാണെന്ന് പരാമര്‍ശിച്ചിട്ടുമുണ്ട്. അഡ്വ. ശ്രീജിത്ത് പത്തിയൂര്‍, എസ്. രാജേന്ദ്രന്, സി.വി. തോമസ്, ജോണി തച്ചാറ് എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.
പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്തതായി പാര്‍ട്ടി തന്നെ കണ്ടെത്തിയവര്‍ക്ക് സ്ഥാനകയറ്റം നല്‍കിയത് ആത്മാര്‍ത്ഥമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച നേതാക്കളെയും, പ്രവര്‍ത്തകരെയും അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് വിമര്‍ശനമുയരുന്നത്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ സ്ഥാനമാനങ്ങള്‍ നല്കുന്ന കെപിസിസി അധ്യക്ഷന്റെ നിലപാട് അപമാനകരമാണെന്നും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: