ലഖ്നൗ: ഉത്തര്‍പ്രദേശ് സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണശേഖരം. 3000ടണ്ണോളം സ്വര്‍ണ്ണം ഇവിടെയുണ്ടെന്നാണ് കരുതുന്നത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(ജിഎസ്ഐ) നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടി സ്വര്‍ണ്ണ ശേഖരം ഇവിടെയുണ്ട്.
സോന്‍ പഹാഡി, ഹാര്‍ഡി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. 2700 ടണ്‍ സ്വര്‍ണശേഖരം സോന്‍പഹാഡിയിലും 650 ടണ്‍ സ്വര്‍ണശേഖരം ഹാര്‍ഡിയിലും ഉണ്ടെന്നാണ് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അനുമാനം. വ്യാഴാഴ്ച ഏഴംഗസംഘം സോന്‍ഭദ്ര സന്ദര്‍ശിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ജില്ലാതല ഖനന ഓഫീസര്‍ കെ.കെ.റായി അറിയിച്ചു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയ സ്ഥലത്ത് ഖനനം നടത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ പറയുന്നു. സാധാരണഗതിയില്‍ ഖനനം ചെയ്യാനുള്ള എളുപ്പത്തിനായി ഖനികളെല്ലാം ചെറുകുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് ഖനനം തുടങ്ങാനാവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 626 ടണ്‍ സ്വര്‍ണ ശേഖരം ഉണ്ട്. പുതിയതായി കണ്ടെത്തിയ സ്വര്‍ണ ശേഖരം ഈ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നത്.
ഇ- ടെന്‍ഡറിങ് വഴി ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നത് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തിയ സ്വര്‍ണപാറക്ക് ഏകദേശം ഒരു കിലോമീറ്റര്‍ നീളം വരുമെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഖനന പ്രവൃത്തികളുടെ ചുമതല വഹിച്ചിരുന്ന ഡോ. പൃഥ്വിഷാ പറയുന്നത്. 18 മീറ്റര്‍ ഉയരവും 15 മീറ്റര്‍ വീതിയുമാണ് ഈ സ്വര്‍ണപ്പാറക്കുള്ളത്.
1992-93 കാലഘട്ടത്തിലാണ് സോന്‍ഭദ്രയില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ചത്. സ്വര്‍ണത്തിനു പുറമേ മറ്റ് ചില ധാതുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സോന്‍ഭദ്ര മേഖലയില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആദ്യമായി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്.
പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. യുപിയിലെ വിന്ധ്യാന്, ബുന്ദേല്‍ഖണ്ഡ് ജില്ലകള്‍ സ്വര്‍ണം, വജ്രം, പ്ലാറ്റിനം, ലൈംസ്റ്റോണ്‍, ഗ്രാനൈറ്റ്, ഫോസ്ഫേറ്റ്, ക്വാര്‍ട്സ്, ചൈന ക്ലേ എന്നിവയാല്‍ സമ്പുഷ്ടമാണ്.
ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് സോന്‍ഭദ്ര. പുതിയ സ്വര്‍ണശേഖരത്തിന്റെ കണ്ടെത്തല്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കാതലായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: