തിരൂര്‍: മലപ്പുറം തിരൂരില്‍ ദുരൂഹതകളുണര്‍ത്തി കുടുംബം. തിരൂര്‍ ചെമ്പ്ര പരന്നേക്കാട്ടിലെ റഫീഖ്- സബ്ന ദമ്പതികളുടെ കുട്ടികളാണ് മരിച്ച ആറ് പേരും. 93 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് ഇന്ന് മരിച്ചതോടെയാണ് മരണത്തില്‍ ദുരൂഹതയുള്ളതായി സംശയം പുറത്തുവന്നത്.
പുലര്‍ച്ചെ മരിച്ച കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ പത്തരയോടെ തന്നെ ധൃതി പിടിച്ച് നടത്തിയെന്ന് ആരോപിച്ച് അയല്‍വാസികളില്‍ ചിലരാണ് പോലീസിനെ സമീപിച്ചത്.
2010ലാണ് റഫീഖ്- സബ്ന ദമ്പതികള്‍ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് ജനിച്ച മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരണമടഞ്ഞ്. ഇതില്‍ ഒരു പെണ്‍കുട്ടി മാത്രം നാലര വയസ്സിലും മറ്റ് അഞ്ച് കുട്ടികള്‍ ഒരു വയസ്സില്‍ താഴെ പ്രായമുള്ളപ്പോഴുമാണ് മരിക്കുന്നത്.
അതേസമയം മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ളതിനാല്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ്പി അബ്ദുള്‍ കരീം അറിയിച്ചു. ഇതിനായി ദഹസില്ദാര്ക്ക് അപേക്ഷ നല്കി കഴിഞ്ഞു. കൂടാതെ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മറ്റ് കുട്ടികളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും എസ്പി അറിയിച്ചു.
അതേസമയം മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നുവെന്നും ദുരൂഹത ഒന്നും ഇല്ലെന്നും മരിച്ച കുട്ടികളുടെ പിതൃ സഹോദരി പറഞ്ഞു. ആദ്യത്തെ കുട്ടികള്‍ മരിച്ചപ്പോള്‍ തന്നെ വിവിധ ആശുപത്രികളിലായി പലതരം പരിശോധനകള്‍ നടത്തിയിരുന്നു.
അപസ്മാരത്തെ തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. അല്ലാതെ എന്നാല്‍ അസ്വഭാവികമായി യാതൊന്നും കണ്ടെത്തിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്തോഷത്തോടെ ഇരുന്ന കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: