മലപ്പുറം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവും ഇത് തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളും പിടിയില്‍. കോട്ടക്കലിന് സമീപം വലിയപറമ്പില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 3,25,49,400 രൂപയടങ്ങിയ പെട്ടി തട്ടിയെടുക്കാനാണ് ശ്രമം നടന്നത്. ഡ്രൈവറെ പിടിച്ചിറക്കി വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ ക്വട്ടേഷന്‍ സംഘത്തിലെ മറ്റുള്ളവര്‍ സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞതോടെ ഡ്രൈവര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചിരുന്ന പണം നിലത്തുവീണു. ഇത് ചാക്കില്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഓടിക്കൂടി ഇവരെ തടഞ്ഞുവച്ചു. അപ്പോഴേക്കും ഓട്ടോ ഡ്രൈവറെ കാറില്‍ വലിച്ചുകയറ്റി മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പോലീസെത്തി നാട്ടുകാര്‍ തടഞ്ഞുവച്ച താനൂര്‍ സ്വദേശികളായ ഷെഫീഖ്(28), ഇസ്മായില്‍(26) എന്നിവരെ കസ്റ്റഡിയിലെടുത്തു.
പണം തട്ടിയെടുത്ത് നല്കിയാല് 30 ലക്ഷം രൂപ നല്‍കാമെന്നാണ് ക്വട്ടേഷന്‍ നല്കിയവര് പറഞ്ഞിരുന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴിനല്‍കി. ഓട്ടോറിക്ഷ വരുന്നതും നോക്കി രാവിലെ മുതല്‍ ഇവര്‍ ബൈക്കില്‍ വലിയപറമ്പില്‍ കാത്തുനില്ക്കുകയായിരുന്നു. ഡ്രൈവറെ പുറത്തിട്ട് ഓട്ടോറിക്ഷയുമായി കടക്കാനായിരുന്നു പദ്ധതി.
വഴിയില്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച് പിന്നാലെയുള്ള കാറില്‍ കയറാനും തീരുമാനിച്ചിരുന്നു. അതിനിടെ അപകടം സംഭവിച്ചതാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പണത്തിന്റെ ഉറവിടവും മറ്റ് പ്രതികളെയും കണ്ടുപിടിക്കാന്‍ കോട്ടക്കല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: