‘സത്യത്തിന്റെ മുഖം സ്വര്‍ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു, സൂര്യദേവാ, അത് മാറ്റി നീ ഞങ്ങള്‍ക്ക് സത്യത്തെ കാണിച്ചുതന്നാലും’ എന്നത് ഉപനിഷദ്വാക്യമാണ്. സത്യത്തെ മറയ്ക്കുന്ന സ്വര്‍ണപ്പാത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന കേരളത്തിലെ എഴുത്തുകാരുടെയും സാംസ്കാരിക നായകരുടെയും യഥാര്‍ത്ഥ മുഖം ഇപ്പോള്‍ പുറത്തുചാടുന്നത് കേരളീയനല്ലാത്ത ഒരു വ്യക്തിയുടെ സൂര്യതേജസ്സാര്‍ന്ന നിലപാടുകളിലൂടെയാണ്. അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണെന്നും അസത്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും സത്യത്തിന്റെ മുഖം മറയ്ക്കപ്പെടരുതെന്നും ഈ കേരളത്തില്‍ ഉറക്കെ വിളിച്ചുപറയാന്‍ തയാറായ ആ വ്യക്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ്. സത്യവിരുദ്ധവും അബദ്ധജടിലവുമായ പ്രസംഗങ്ങള്‍ കേള്‍ക്കേണ്ടി വന്നപ്പോള്‍ സത്യം വിളിച്ചുപറയാന്‍ തയാറായ അദ്ദേഹത്തെ നുണപ്രചാരണത്തിന്റെ രാഷ്ട്രീയം കളിക്കുന്നവര്‍ തടഞ്ഞുവച്ചത് നമ്മുടെ സംസ്ഥാനത്ത് വലിയ കൊടുങ്കാറ്റുയര്‍ത്തി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ കഴിഞ്ഞമാസം ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍, തന്നെ പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നവരോട് ക്ഷമിക്കാന്‍ അദ്ദേഹം തയാറായില്ല. ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ആ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് അനുവദിച്ചുകൊടുക്കാതിരിക്കുകയും നുണകള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് വീണ്ടും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്.
സ്വന്തം വീക്ഷണങ്ങളും വികാരങ്ങളും ആവിഷ്കരിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്ന പലരും അതിനെതിരെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ലെന്നും ഇത് ഇരട്ടത്താപ്പും കാപട്യവുമാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. സാഹിത്യോത്സവത്തിന്റെ ഭാഗമായി ആവിഷ്കാരസ്വാതന്ത്ര്യവും പൊതുഇടങ്ങളും ഇല്ലാതാവുന്നു എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് ഇടങ്ങള്‍ ഇല്ലാതാക്കുന്നവരെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്. തനിക്ക് നേരിട്ട അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചു. ചരിത്ര കോണ്‍ഗ്രസ്സിന്റെ വേദിയില്‍ രാജ്യത്തെ നിയമനിര്‍മ്മാണസഭകള്‍ പാസ്സാക്കിയ നിയമത്തെ വിമര്‍ശിച്ചുകൊണ്ടും വസ്തുതാവിരുദ്ധമായ രണ്ട് പ്രസംഗങ്ങള്‍ ഒന്നര മണിക്കൂര്‍ കേട്ടിരുന്നതിന് ശേഷമാണ് ഗവര്‍ണര്‍ പ്രസംഗിക്കാനായി എഴുന്നേറ്റത്. ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് സംസാരിച്ച ഇടത് ചരിത്രകാരനായ പ്രൊഫ. ഇര്ഫാന് ഹബീബും സിപിഎം നേതാവായ കെ.കെ. രാഗേഷ് എംപിയും നടത്തിയത് നൂറ് ശതമാനം രാഷ്ട്രീയ പക്ഷപാതപരമായ പ്രസംഗങ്ങളായിരുന്നു. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ഒന്നരമണിക്കൂര്‍ നേരം അവര്‍ രാഷ്ട്രീയ പ്രസംഗം നടത്തിയത്. ഭരണഘടനയെ പോലും ചോദ്യം ചെയ്യുന്നതരത്തില്‍ അവര്‍ നടത്തിയ പ്രസംഗത്തിന് രാഷ്ട്രപതിയാല് നിയമിതനായ ഗവര്‍ണര്‍ മറുപടി പറയാന്‍ ഒരുങ്ങിയത് സ്വാഭാവികം. മുന്‍ പ്രാസംഗികര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത് തന്നോടാണ്. അതുകൊണ്ട് അതിന് മറുപടി പറയേണ്ടത് താനാണ്. മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇര്ഫാന് ഹബീബ് ഗവര്‍ണറെ കായികമായി തടയാന്‍ ശ്രമിക്കുകയും അത് അനുവദിക്കാതിരുന്ന ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും ചെയ്തു. ജെഎന്‍യു, ജാമിയ, അലിഗഢ് സര്‍വ്വകലാശാലകളില്‍ നിന്നെത്തിയ ഇടത്-ജിഹാദി ചരിത്രകാരന്മാര് സദസ്സില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്തു. അഭിപ്രായ പ്രകടനങ്ങളോട് ഇത്രയധികം അസഹിഷ്ണുതയുള്ളവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും അസഹിഷ്ണുതയെ കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. കോഴിക്കോട്ട് വച്ച് തനിക്ക് നേരിട്ട മറ്റൊരനുഭവവും ഗവര്‍ണര്‍ സൂചിപ്പിച്ചു. അവിടെ ഗവര്‍ണറുമായി അഭിമുഖം നടത്താന്‍ നിശ്ചയിക്കപ്പെട്ട ഇടതുപക്ഷ എഴുത്തുകാരന് ഭീഷണിയുണ്ടായി. അതേതുടര്ന്ന് അഭിമുഖ പരിപാടി റദ്ദാക്കി.
1986ല്‍ വിവാദമായ ഷാബാനോ കേസില്‍ സുപ്രീംകോടതി വിധി മറികടക്കുന്നതിന് നിയമം ഉണ്ടാക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയാറായ ആളാണ് ആരിഫ് മുഹമ്മദ് ഖാന്. സ്വസമുദായത്തില്‍ വിവാഹങ്ങളില്‍ പോലും അദ്ദേഹത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തി. മുത്തലാഖ് നിരോധിക്കണമെന്ന് അന്നുതന്നെ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്. എന്‍ഡിഎ സര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ആരിഫ് മുഹമ്മദ് ഖാന്റെ ചരിത്രപ്രസിദ്ധമായ ആ പാര്‍ലമെന്റ് പ്രസംഗം പലവട്ടം ഉദ്ധരിച്ചിരുന്നു.
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഏത് വേദിയിലും തുറന്നുപറയാനും എന്ത് നഷ്ടങ്ങള്‍ സംഭവിച്ചാലും ആ അഭിപ്രായങ്ങളില്‍ ഉറച്ചുനില്ക്കാനും തയാറാകുന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്. അതാണ് 1986ല്‍ അദ്ദേഹമുള്‍പ്പെട്ട മന്ത്രിസഭ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമെടുത്തപ്പോള്‍ സ്ഥാനത്യാഗത്തിന് തയാറാകാന്‍ കാരണം. മുസ്ലിം വ്യക്തിനിയമ ബോര്‍ഡും സ്വസമുദായവും ഒറ്റപ്പെടുത്തിയിട്ടും തന്റെ അഭിപ്രായങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു. ഈ സ്ഥൈര്യം കൈവിടാതെ സൂക്ഷിക്കുകയാണ് കേരള ഗവര്‍ണറെന്ന നിലയിലും ആരിഫ് മുഹമ്മദ് ഖാന്. കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചിലര്‍ അവരുടെ ചിന്ത മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മൗനമവലംബിക്കാന്‍ ആ സുധീരനായ രാഷ്ട്രതന്ത്രജ്ഞന് സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: