കോട്ടയം: കേരളാ കോണ്‍ഗ്രസ് എം നേതൃത്വങ്ങള്‍ വാക്പോരുകള്‍ തുടരുന്നതിനിടെ ശക്തിപരീക്ഷണത്തിനും തയാറെടുക്കുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ആറാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് പി.ജെ. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. മുമ്പ് കെ.എം. മാണി-പി.ജെ. ജോസഫ് സൗഹൃദ മത്സരം നടന്നിട്ടുള്ള വാര്‍ഡാണിത്. അന്ന് നാലു വോട്ടിന്റെ മേല്‍ക്കൈ മാണിക്ക് ലഭിച്ചു.
മുന്നണിയിലെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ്സില്‍ നിന്ന് രണ്ട് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് വന്നത് കോണ്‍ഗ്രസ്സിനെയാണ് ഏറെ വിഷമിപ്പിക്കുന്നത്. അനുരഞ്ജന ചര്‍ച്ചകളെല്ലാം വൃഥാവിലായതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് നേതൃത്വം ഉഴലുകയാണ്. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന നിലയിലാണ് പി.ജെ. ജോസഫ് വിഭാഗം പ്രചരണരംഗം കൊഴുപ്പിക്കാനൊരുങ്ങുന്നത്.
കേരളാ കോണ്‍ഗ്രസ് (എം)ലെ ബേബി പന്തലാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ പാര്‍ട്ടിക്ക് ആധിപത്യമുണ്ടെങ്കിലും
പാലായിലെ അതേ അവസ്ഥയാണ് ജോസ് വിഭാഗത്തിന് സംഭവിച്ചത്. കേരളാ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ ലഭ്യമായത് ജോസഫ് പക്ഷത്തിനാണ്. മറുപക്ഷത്തിന് ഫുട്ബോളും. ജോസഫ് വിഭാഗത്തില്‍ നിന്ന് യൂത്ത്ഫ്രണ്ട് നേതാവ് ബിപിന്‍ തോമസും, ജോസ് വിഭാഗത്തില്‍ നിന്ന് ജോര്‍ജ് തോമസുമാണ് രംഗത്തുള്ളത്.
തര്‍ക്കങ്ങള്‍ക്കിടെ ഇതില്‍ ഏതെങ്കിലുമൊരു കക്ഷിക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം ലഭിക്കുന്നതും ഇതാദ്യമാണ്. ഇത് നേട്ടമായി ഉയര്‍ത്തിക്കാട്ടി യഥാര്‍ഥ കേരളാ കോണ്‍ഗ്രസ് തങ്ങളാണെന്ന പ്രചാരണത്തിനായിരിക്കും ജോസഫ് വിഭാഗം മുന്തിയ പരിഗണന നല്‍കുക.
പാര്‍ട്ടിയുടെ മുന്‍നിരനേതാക്കളായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തുന്നുണ്ട്.
കെ.എം. മാണിയുടെ മരണത്തെ തുടര്‍ന്ന് പിളരാതെ പിളര്‍ന്ന് നില്ക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഇരുചേരികളും മുഖാമുഖം നിന്ന് വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത് ഇതാദ്യമാണ്. ഇരുകൂട്ടര്‍ക്കും ഈ തെരഞ്ഞെടുപ്പ് അഭിമാനപ്രശ്നമായി മാറിക്കഴിഞ്ഞു. ബിജെപിയുടെ പി.കെ. രഞ്ജിത്തും എല്‍ഡിഎഫ് സ്വതന്ത്രനായ ആന്റോയുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: