നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിക്ക് അഭിനന്ദനങ്ങള്‍… പക്ഷേ, നേട്ടം രാഹുല്‍ ഗാന്ധിയുടെ പേരിലും ഇന്ത്യക്ക് സംഭവിച്ച നഷ്ടമായും വാദിക്കുന്നത് അരോചകമാകുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണം ഏറെക്കുറെ ‘ന്യായ്’ എന്ന പദ്ധതിയില്‍ ഊന്നിയായിരുന്നല്ലോ. രാഹുല്‍ഗാന്ധിക്ക് ന്യായ്പദ്ധതി ഉപദേശിച്ചത് അഭിജിത് ബാനര്‍ജി ആണെന്നും, വിവരമില്ലാത്ത ഇന്ത്യന്‍വോട്ടര്‍മാര്‍ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയെന്നുമാണ് കോണ്‍ഗ്രസ് അനുകൂലികള്‍ അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ന്യായ് പദ്ധതിയുടെ ന്യായാന്യായ വിചാരണ നടത്തിയാല്‍ നോബല്‍ നേട്ടവും വിചാരണ ചെയ്യപ്പെടും. ന്യായ് പദ്ധതി എന്താണെന്ന് ഓര്‍മ്മയുണ്ടോ?
ദരിദ്രര്‍ക്ക് സൗജന്യമായി വര്‍ഷം 72,000 രൂപകൊടുക്കുന്ന പദ്ധതി, അതിവേഗം വളരുന്ന ഇന്ത്യന്‍ സാമ്പത്തികശക്തിയെ എത്ര പിന്നോട്ടടിക്കുമെന്നത് രണ്ടാമത് നോക്കാം. ആദ്യം, സാമൂഹിക ആഘാതം പരിശോധിക്കാം. ഇന്ത്യ ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാജ്യം ആണ്. ജനസംഖ്യയില്‍ 65% പേര് 35-40 വയസിനിടയില്‍. 125 കോടിയില്‍ 65% യുവാക്കള്‍. ചൈന ജനസംഖ്യയില്‍ മുമ്പിലാണെങ്കിലും ‘കിഴവന് രാജ്യമാണ്.’ അതായത് ഇന്ത്യയുടെ വര്‍ക്ക്ഫോഴ്സ് സുശക്തമായ യുവജനങ്ങളാണ്. ലോകരാജ്യങ്ങള്‍ സമ്മതിക്കുന്ന കാര്യമാണിത്.
നരേന്ദ്ര മോദിയുടെ സ്കില്‍ ഇന്ത്യയും, സ്റ്റാര്‍ട്ട് ആപ്പ് ഇന്ത്യയും, മുദ്ര യോജനയും, മേക് ഇന്‍ ഇന്ത്യയും പോലെ അനേകം പദ്ധതികള്‍ ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുമ്പോള്‍ അവര്‍ ഓരോരുത്തരും ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയിലേക്ക് സംഭാവന നല്‍കുകയാണ്. അതുകൊണ്ടാണ് ലോകത്തെ അതിവേഗ സാമ്പത്തികവളര്‍ച്ച ഇന്ത്യക്ക് ഉണ്ടാകുന്നത്. പത്തുകൊല്ലം മുന്നത്തെ ഇന്ത്യ അല്ല, ലോകബാങ്കും അന്താരാഷ്ട്ര നാണ്യനിധിയും ലോകരാജ്യങ്ങളും അടക്കം അംഗീകരിച്ച സുസ്ഥിരവളര്‍ച്ച നേടികൊണ്ട് പരംവൈഭവ രാജ്യം എന്ന വിഹായസിലേക്ക് യുവാക്കളുടെ ചിറകില്‍ കുതിക്കുന്ന ഇന്ത്യയാണ് ഇന്നത്തെ മോദിയുടെ പുതിയ ഇന്ത്യ. ആ ഗതിവേഗത്തിന് ‘അള്ളു’വെക്കുന്നതാണ് ന്യായ് പദ്ധതി.
അഭിജിത് ബാനര്‍ജിയുടെ ഉപദേശപ്രകാരമുള്ള ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിപ്രകാരം രാഹുല്‍ഗാന്ധി പറയുന്നത്, പാവപ്പെട്ട 25 കോടി ഇന്ത്യന്‍ജനതക്ക്, വര്‍ഷം 72,000 രൂപ സൗജന്യമായി കൊടുക്കും എന്നാണ്. അതിനവര്‍ എന്ത് ചെയ്യണം? ജോലിചെയ്യണോ? കൃഷിചെയ്യണോ? സംരംഭം തുടങ്ങണോ? ഒന്നും വേണ്ട. വെറുതേ ബാങ്കില്‍ അക്കൗണ്ട് തുറന്നാല്‍മതി. പണം ഇട്ടുതരും. അതായത് വര്‍ഷം 72,000 രൂപ, ദിവസം 200 രൂപ. ഉദാഹരണത്തിന് 20 പേരെ എടുക്കാം. 10+10 ആയി അവരെ തിരിക്കാം. അതില്‍ 10 പേര് നരേന്ദ്രമോദി പറഞ്ഞ വിവിധ പദ്ധതികള്‍ പ്രകാരം കഠിനാധ്വാനം ചെയ്ത് ജോലി, കൃഷി, സംരംഭം തുടങ്ങിയ പ്രവൃത്തികളിലൂടെ പണംസമ്പാദിക്കുന്നു. അതുവഴി രാജ്യത്തിന്റെ പുരോഗതിക്കും, സമ്പദ്ഘടനയ്ക്കും സംഭാവനകള്‍ നല്കുന്നു. രാജ്യത്തിന് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജ്ജം ലഭിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍മൂലം രാജ്യത്തിന് പ്രത്യക്ഷവും പരോക്ഷവുമായ നികുതിലഭിക്കുന്നു. രാജ്യത്തിന് പ്രവര്‍ത്തനത്തിനുള്ള വര്‍ക്കിങ്റവന്യൂ ലഭിക്കുന്നു. രാജ്യം കൂടുതല്‍ മികച്ച പദ്ധതികള്‍ കൊണ്ടുവരുന്നു. കൃഷിക്കാരന് വിള ഇന്‍ഷുറന്‍സ്, ജലസേചന സൗകര്യങ്ങള്‍, വളത്തിന്മേല്‍ സബ്സിഡി എന്നിവ നല്കി അവന്റെ കൃഷി പ്രോത്സാഹിപ്പിക്കുന്നു. ജോലിചെയ്യുന്നവന് മികച്ച അവസരങ്ങള്‍ ഉണ്ടാക്കികൊടുക്കുന്നു. പുതിയ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. രാജ്യത്തുള്ള എല്ലാവരും ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നു. അങ്ങനെ ഇന്ത്യ വളരുന്നു. ഇന്ത്യയിലെ 65% യുവജനത മറ്റുള്ളവരുടെകൂടെ തൊഴില്‍ ചെയ്തുകൊണ്ട് സംഭാവനചെയ്യുമ്പോള്‍ രാജ്യം അതിവേഗം പുരോഗതിനേടും.
ഇനി രാഹുല്‍ഗാന്ധിയുടെ ന്യായ് പദ്ധതി. 10 പേരുടെ ഉദാഹരണം എടുക്കാം. രാഹുല്‍ ഗാന്ധി പറഞ്ഞ പ്രകാരം സര്‍ക്കാര്‍ പത്തുപേര്‍ക്ക് ദിവസം 200 രൂപ വച്ച് വര്‍ഷം 72,000 രൂപ കൊടുത്തുകൊണ്ടിരിക്കും. ഈ യുവാക്കള്‍ പണിയെടുക്കാതിരിക്കാനുള്ള പ്രോത്സാഹനമാണിത്. ഇതില്‍ രാജ്യത്തിന് എന്തുനേട്ടം? ഒന്നുമില്ല. പൊതുഖജനാവില്‍നിന്ന് 3.26 ലക്ഷം കോടിയുടെ അധിക കടം എല്ലാവര്‍ഷവും ഉണ്ടാകുമെന്ന് മാത്രം. ചുരുക്കിപ്പറഞ്ഞാല്‍, 65% യുവാക്കളുള്ള ഇന്ത്യയിലെ ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ള പ്രവര്‍ത്തകശക്തിയെ രാഹുല്‍ ഒറ്റയടിക്ക് നിഷ്ക്രിയരാക്കും.
2019ലെ ഇടക്കാലബജറ്റിലെ ചില കണക്കുകള്‍പ്രകാരം, വരുമാനം-27.32 ലക്ഷം കോടിരൂപ. ചെലവ്-34 ലക്ഷം കോടി. കമ്മി-ഏകദേശം 6.6 ലക്ഷം കോടി. ഈ ബജറ്റ് ധനക്കമ്മി-3.3 ശതമാനമായി. വിഖ്യാത സാമ്പത്തികപണ്ഡിതന്‍ മന്‍മോഹന്‍സിംഗ് ഭരിക്കുമ്പോള്‍ ഏഴു ശതമാനത്തിനടുത്തായിരുന്നു ധനക്കമ്മി. അടുത്ത മൂന്നുവര്‍ഷം ധനക്കമ്മി 2.2-2.5% വരെ ആവും കണക്ക്.
ഇനിയാണ് രാഹുല്‍ പറഞ്ഞ ന്യായിലെ പ്രതിവര്‍ഷം 72,000 രൂപയുടെ പ്രശ്നം വരുന്നത്. ഒരു വരുമാനവും രാജ്യത്തിന് നല്‍കാതെ 3.26 ലക്ഷം കോടിരൂപ ഈ ധനകമ്മിയിലേക്ക് ചേരും. അപ്പോള്‍ കമ്മി 10 ലക്ഷം കോടിയാകും. കോണ്‍ഗ്രസ് കൊണ്ടുവരുന്ന പദ്ധതി രാജ്യത്തിന്റെ പൊതുകടം ഇരട്ടിയോളം ആക്കും. അല്ലെങ്കില്‍ ആ പദ്ധതികൊണ്ട് ജനോപകാരപ്രദമായ എന്തെങ്കിലും നടക്കണം. ഉദാഹരണമായി ആയുഷ്മാന്‍ ഭാരത് രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നു. അവരുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് അവരുടെ കുടുംബത്തിന് സാമ്പത്തികഭദ്രത നല്കുന്നു. അവര്‍ക്ക് വീണ്ടും തൊഴില്‍ ചെയ്യാനും സമ്പാദിക്കാനും അവസരം നല്കുന്നു. ഈ മോദികെയറിന് പുറമേ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതികൂടി നോക്കുക. 20,000 കോടിരൂപയാണ് വകയിരുത്തിയത്. പദ്ധതിയുടെ സാധ്യത മനസിലാക്കി ജപ്പാനിലെ സോഫ്റ്റ് ബാങ്ക് 14,000 കോടി മുതല്‍ മുടക്കാന്‍ തയാറായി. അതുവഴി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു പദ്ധതിയായി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ മാറുന്നു. മുതല്‍ മുടക്കാന്‍ ഗൂഗിള്‍, ഒറാക്കിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്മാര് തയാറായി നില്ക്കുന്നു. തൊഴില്‍, വിദേശനിക്ഷേപം, യുവാക്കള്‍ക്ക് കൂടുതല്‍ സംരംഭകത്വത്തിന് അവസരം, വരുമാനം എന്നിവ രാജ്യത്തിന് ലഭിക്കുന്നു. മോദിസര്‍ക്കാര്‍ 20,000 കോടി മുടക്കി അതിന്റെ നാലിരട്ടി തിരികെ പിടിക്കും എന്നര്‍ത്ഥം. രാഹുലിന്റെ, ബാനര്‍ജിയുടേയും ന്യായ് പദ്ധതിയിലെ 3.26 ലക്ഷം കോടികൊണ്ട് ഇന്ത്യക്ക് ഉണ്ടാകാന്‍പോകുന്നത് നേട്ടമോ നഷ്ടമോ?
രാജ്യത്തെ യുവാക്കളെ സൗജന്യങ്ങള്‍ കാണിച്ച് നിഷ്ക്രിയരാക്കുക, ഇതാണോ നോബല്‍ ജേതാവ് അഭിജിത് ബാനര്‍ജി രാഹുല്‍ ഗാന്ധിക്ക് ഉപദേശിച്ചുകൊടുത്ത ആ വിജയഫോര്‍മുല എന്ന് ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? നിങ്ങള്‍ ആകാശത്തോളം വളരാനാണ് നിങ്ങളും നിങ്ങളെ നയിക്കുന്ന പ്രധാനമന്ത്രിയും സ്വപ്നം കാണേണ്ടത്. അല്ലാതെ പാതാളത്തോളം തകര്‍ന്ന്, സര്‍ക്കാരില്‍നിന്ന് സൗജന്യം പറ്റുന്ന രാജ്യത്തെ ഏറ്റവും ദരിദ്രരായ 25 കോടിയില്‍പ്പെട്ട ഒരാളാവാനല്ലല്ലോ. ഒരിക്കല്‍കൂടി നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിക്കും അദ്ദേഹത്തിന്റെ ബുദ്ധിയില്‍ വിരിഞ്ഞ, എങ്കിലും നടപ്പാക്കാന്‍ ജനങ്ങള്‍ അവസരം കൊടുക്കാഞ്ഞ, രാഹുല്‍ഗാന്ധിയുടെ ന്യായ് പദ്ധതിക്കും ആശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: