2014 ഫെബ്രുവരി, രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകള്‍. തെലങ്കാന രൂപീകരണ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ ബഹളം നടക്കുന്ന കാലം. ജന്മഭൂമി ദല്‍ഹി ബ്യൂറോയിലേക്ക് വന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സെക്രട്ടറി മലയാളിയായ വേണുഗോപാല്‍ജിയുടെ അടിയന്തര ഫോണ്‍ സന്ദേശമിതായിരുന്നു. സീതാറാം യെച്ചൂരിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വേഗം സംഘടിപ്പിച്ച് നല്‍കണം. രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്ലിക്ക് സംസാരിക്കാനാണ്. അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് യെച്ചൂരിയുടെ നമ്പര്‍ നഷ്ടമായതാവാനാണ് സാധ്യത. ഉടന്‍ തന്നെ നമ്പര്‍ സംഘടിപ്പിച്ച് നല്‍കുകയും ഇരു നേതാക്കളും സംസാരിക്കുകയും ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തിരിച്ചറിഞ്ഞ യുപിഎ സര്‍ക്കാരിന് അന്നുണ്ടായ തര്‍ക്ക വിഷയത്തില്‍ പൊടുന്നനെയുണ്ടായ പ്രതിപക്ഷ ഐക്യം കണക്കിലെടുത്ത് തീരുമാനം മാറ്റേണ്ടിവന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളിലേക്ക് എത്തിച്ചേരാനുള്ള അരുണ്‍ ജെയ്റ്റ്ലിയുടെ വേഗം അത്ഭുതകരമായിരുന്നു. എല്ലാ പാര്‍ട്ടിയിലും അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളുണ്ട്. ആ ബന്ധം ബിജെപിയെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും സഹായിച്ചതിനും നിരവധി ഉദാഹരണങ്ങള്‍. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പും അതിന് ശേഷവും പ്രതിപക്ഷ നേതാക്കളിലേക്കുള്ള ബിജെപിയുടെ പാലമായി പ്രവര്‍ത്തിച്ചത് അരുണ്‍ ജെയ്റ്റ്ലിയാണ്. വാജ്പേയി മന്ത്രിസഭയില്‍ 1999ല്‍ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ജെയ്റ്റ്ലി അതിവേഗത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെ വാജ്പേയി സര്‍ക്കാരിന്റെ മുഖമായി മാറി.
ദേശീയ രാഷ്ട്രീയത്തിലെ ഏതു സംഭവവികാസങ്ങളെപ്പറ്റിയും ക്ഷണനേരത്തില്‍ പ്രതികരിക്കാനുള്ള കഴിവ് അരുണ്‍ ജെയ്റ്റ്ലിയെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കി. മാധ്യമങ്ങളുമായും മാധ്യമപ്രവര്‍ത്തകരുമായുമുള്ള ദീര്‍ഘകാലത്തെ ബന്ധവും നിലപാടുകളിലെ വ്യക്തതയുമായിരുന്നു അതിവേഗത്തില്‍ ദേശീയ രാഷ്ട്രീയത്തിലെ ചലനങ്ങളറിയാനും അതിനൊത്ത് പ്രതികരിക്കാനും അദ്ദേഹത്തെ സഹായിച്ചത്. 2013-14 കാലം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ അധ്വാനത്തിന്റെ നാളുകളായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ ശതകോടികളുടെ അഴിമതിക്കഥകളില്‍പ്പെട്ടുഴലുന്ന സമയം. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയും എല്ലാ ദിവസവുമെന്ന പോലെ മാധ്യമങ്ങളെ ദല്‍ഹിയില്‍ കാണുന്ന നാളുകള്‍. രാവിലെ സുഷമാ സ്വരാജിന്റെ പത്രസമ്മേളനമെങ്കില്‍ ഉച്ചയ്ക്ക് ശേഷം ജെയ്റ്റ്ലിയുടെ പത്രസമ്മേളനം. അഴിമതിക്കഥകളോരോന്നായി ഇരുവരും ചേര്‍ന്ന് പുറത്തുകൊണ്ടുവരുമ്പോഴും അതിശക്തമായ പ്രസ്താവനകളിലൂടെ കോണ്‍ഗ്രസ്സിനെ നിഷ്പ്രഭമാക്കുമ്പോഴും ഇരുനേതാക്കളുടേയും വാക് സാമര്‍ത്ഥ്യം മാധ്യമങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തി.
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പ്രധാനമായും സഹായിച്ചത് കോണ്‍ഗ്രസ്സിന്റെ അഴിമതിനിറഞ്ഞ ഭരണകാലത്തെപ്പറ്റി ജനങ്ങളിലേക്കെത്തിയ ആയിരക്കണക്കിന് വാര്‍ത്തകള്‍ ആയിരുന്നു. അതിന് പിന്നിലെ അരുണ്‍ ജെയ്റ്റ്ലിയെന്ന രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ പങ്ക് അവിസ്മരണീയമാണ്. അധികാരത്തിലെത്തിയ ശേഷവും എല്ലാ ദിവസവും പ്രധാന മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘവുമായി ജെയ്റ്റ്ലി രാവിലെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ആ യോഗത്തില്‍ ലഭിച്ചിരുന്ന വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് നിത്യേന കൈമാറി. കേന്ദ്രസര്‍ക്കാരിനെ ജനപ്രിയ സര്‍ക്കാരാക്കി മുന്നോട്ട് കൊണ്ടുപോകുന്നതിലും ജെയ്റ്റ്ലി സവിശേഷ ശ്രദ്ധ നല്കി.
ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന ചടങ്ങുകളിലാവട്ടെ മറ്റു സര്‍ക്കാര്‍ ചടങ്ങുകളിലാവട്ടെ മാധ്യമപ്രവര്‍ത്തകരുമായി എത്രനേരം വേണമെങ്കിലും സംവദിക്കാന്‍ ജെയ്റ്റ്ലി സമയം കണ്ടെത്തിയിരുന്നു. അസുഖബാധിതനായതോടെയാണ് അദ്ദേഹം ഇത്തരം കൂടിക്കാഴ്ചകളും ലഘുസംഭാഷണങ്ങളും അവസാനിപ്പിച്ചത്. എങ്കിലും ആശുപത്രിവാസത്തിനിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമാകാനും ബ്ലോഗ് എഴുതാനും അദ്ദേഹം സമയം കണ്ടെത്തി. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ബില്ലുകള്‍ രാജ്യസഭയ്ക്ക് പിന്നാലെ ലോക്സഭ പാസാക്കിയതിന് തൊട്ടടുത്ത നിമിഷം ഓഫീസ് മെയിലിലേക്കെത്തിയ ലേഖനം അരുണ്‍ ജെയ്റ്റ്ലിയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അസാധ്യമായിരുന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നതായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ലേഖനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: