ഒരു ഇംഗ്ലീഷ് സിനിമയിലെ തിരക്കഥയെ വെല്ലുന്ന അനധികൃത ട്രെഷര്‍ ഹണ്ട് കഥപോലെയാണ് കോണ്‍ഗ്രസ് നേതാവും നാലുതവണ കോണ്‍ഗ്രസ്സിന്റെ കേന്ദ്ര ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്ന പി. ചിദംബരത്തിന്റെയും മകന് കാര്‍ത്തി ചിദംബരത്തിന്റെയും അഴിമതിയുടെയും ശതകോടിക്കണക്കിന് അനധികൃത സ്വത്തു സമ്പാദനത്തിന്റെയും കഥ, അല്ല യാഥാര്‍ഥ്യം. ഏതൊരു കള്ളനും ഒരു പഴുത് അവരറിയാതെ വിട്ടുപോകും എന്നത് നിമിത്തം ആകും എങ്കിലും ചിദംബരത്തിനെ കുടുക്കിയത് ഏതോ ബുദ്ധിമാനായ ഒരു കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആണെന്ന് പറയേണ്ടി വരും. കോണ്‍ഗ്രസ് ഭരണകാലത്തു (2007 2008) തന്നെയാണ് ആ വെടിമരുന്നിന് തീ വീണതും. പക്ഷെ ആ ഒരു ചെറിയ കണ്ടെത്തല്‍ വളര്‍ന്ന് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ രാജ്യത്തിന്റെ മുന്‍ ധനമന്ത്രിയെ, കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും ബുദ്ധിയുള്ള ‘തലയെ’ തന്നെ അഴിമതി വീരനാക്കി ജനങ്ങളുടെ മുന്നില്‍ വിലങ്ങണിയിച്ചുനിര്ത്തും വരെ എത്തും കാര്യങ്ങളെന്ന് അയാള്‍ അറിഞ്ഞിരിക്കില്ല. നിയമം ഉപയോഗിച്ച് നിയമത്തെ കബളിപ്പിക്കുക എന്ന അസാധാരണ തന്ത്രം ഉപയോഗിച്ചെല്ലാം വരുതിയില്‍ നിര്‍ത്താം എന്നുകരുതി എങ്കിലും 2014ല്‍ ആഞ്ഞുവീശിയ അഴിമതിക്ക് എതിരെയുള്ള മോദി എന്ന കൊടുങ്കാറ്റ് എല്ലാം ചുഴറ്റി എറിഞ്ഞുകളഞ്ഞു.
അരങ്ങൊരുങ്ങുന്നത് ആഫ്രിക്കന്‍ പവിഴ ദ്വീപില്‍
വെള്ളപവിഴപ്പുറ്റുകള് നിറഞ്ഞ ഉയരം കുറഞ്ഞ മനോഹര പര്‍വ്വതനിരകളുള്ള കൊച്ചു ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മൗറീഷ്യസ് എന്ന ദ്വീപാണ് അന്താരാഷ്ട്ര കള്ളപ്പണ – ഹവാല രാജ്യങ്ങളുടെ ഒരുപതിറ്റാണ്ടായിട്ടുള്ള ഇഷ്ടസ്ഥലം. മൗറീഷ്യസില്‍ നിക്ഷേപം നടത്താന്‍ വളരെ എളുപ്പം ആണ്. നിങ്ങളുടെ വിവരങ്ങള്‍ ഏറ്റവും കുറഞ്ഞത് മാത്രം സമര്‍പ്പിച്ചാല്‍ മതി. അതാവട്ടെ കരാര്‍ അനുസരിച്ച് ഏറ്റവും രഹസ്യമായി വക്കുകയും ചെയ്യും. ചുരുക്കത്തില്‍ നിങ്ങള്‍ ആരാണെന്ന് കൃത്യമായി അറിയാതെ പോലും മൗറീഷ്യസില്‍ നിങ്ങള്‍ക്ക് സംരംഭം തുടങ്ങാം, അതില്‍ എവിടെനിന്ന് വേണമെങ്കിലും വിദേശധനം കൊണ്ടുവന്ന് നിക്ഷേപിക്കാം. അതിനാവട്ടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ അല്ലെങ്കില്‍ പൂജ്യം നികുതിയും. 1992ല്‍ സര്‍ക്കാര്‍ പാസ്സാക്കിയ Mauritius Off-shore Business Activity Act-1992 ഓട് കൂടി ഇത്തരത്തില്‍ മൗറീഷ്യസില്‍ ശതകോടി ഡോളറുകള്‍ നിക്ഷേപിക്കുന്ന ലോക വാണിജ്യ ഭീമന്മാര്ക്ക് നിയമപരമായ പരിരക്ഷയും ആയി. കോര്‍പ്പറേറ്റ് ഭീമന്മാര് സമ്പാദിക്കുന്ന പണം ബിസിനസ്സ് ആവശ്യത്തിന് എന്ന പേരില്‍ മൗറീഷ്യസിലെ വെറും പേപ്പര്‍ കമ്പനിയിലേക്ക് മാറ്റുന്നു. അവിടെ നികുതിയില്ല എന്നത് മാത്രമല്ല മൗറീഷ്യസ് 46 രാജ്യങ്ങളും ആയി ഒപ്പുവച്ചിരിക്കുന്ന DTAA (Double Taxation Avoidance Act) പ്രകാരം അവര്‍ക്ക് ഈ പണം മറ്റുരാജ്യങ്ങളില്‍ വിദേശ നിക്ഷേപം ആയി എത്തുമ്പോള്‍ അത് ടാക്സ് അടച്ച നല്ല ഒന്നാന്തരം വെള്ളപണമായി മാറുന്നു… ഇനി മൗറീഷ്യസും ചിദംബരവും കോണ്‍ഗ്രസ്സും ആയുള്ള ബന്ധമാണ് പറയാന്‍ ഉള്ളത്.
പണമൊഴുകിയ ധനമന്ത്രാലയത്തിലെ സില്‍ക്ക് റൂട്ട്:
2008 ജനുവരിയില്‍ സാമ്പത്തിക സ്പെഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന് 3 മൗറീഷ്യസ് കമ്പനികള്‍ ഇന്ത്യയിലെ ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിയിലേക്ക് നടത്തിയ വിദേശ നിക്ഷേപത്തില്‍ ചില ക്രമക്കേട് കണ്ടെത്തി. അവര്‍ ഉടന്‍തന്നെ ഈ വിവരം കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ED – എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറുന്നു. ഈ നിക്ഷേപത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ ഇഡിക്ക് സംഗതി കുഴപ്പമാണെന്ന് മനസ്സിലാക്കുകയും വമ്പന്മാര് ഉള്‍പ്പെട്ട കേസായതുകൊണ്ട് നേരെ സിബിഐക്ക് കൈമാറുകയും ചെയ്തു. ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥര്‍ ആയ പീറ്റര്‍ മുഖര്‍ജിയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയും അവരുടെ സ്ഥാപനത്തിന്റെ ഓഹരികള്‍ മൗറീഷ്യസിലുള്ള വിദേശ കമ്പനികള്‍ക്ക് വില്‍ക്കുന്നു. അതിന് കിട്ടുന്ന പണമാണ് ഐഎന്‍എക്സിന്റെ ഓഹരി മൂലധനം. അത്തരത്തില്‍ പത്തുരൂപ മുഖവില ഉള്ള, 46 ലക്ഷം ഓഹരികള്‍, വിറ്റുകൊണ്ട് ധനം സമാഹരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിനോട് അനുമതി ചോദിക്കുന്നു. വിദേശ കമ്പനിയുടെ അതായത് ഏതാണ്ട് 4.62 കോടി രൂപയുടെ നിക്ഷേപം. കൂടെ ഐഎന്‍എക്സ് മീഡിയയില്‍ 26% നേരിട്ട് ഓഹരി മുതല്‍ മുടക്കിനായി ഉള്ള മറ്റൊരു വിദേശ കമ്പനിയുടെ അപേക്ഷയും The foreign investment promotion board (എഫ്ഐപിബി) മുന്‍പാകെ സമര്‍പ്പിക്കുന്നു. അഞ്ചുകോടി വരെയുള്ള വിദേശ നിക്ഷേപത്തിന് അനുമതികൊടുക്കാന്‍ കേന്ദ്ര ധനമന്ത്രിക്ക് അനുമതിയുണ്ട്. അതില്‍ കൂടുതലുള്ള വിദേശ നിക്ഷേപമാണ് എങ്കില്‍ അത് CCEA ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ എക്കണോമിക് അഫയേഴ്സില് പാസ്സാവണം. അങ്ങനെ ഐഎന്‍എക്സ് മീഡിയക്ക് വിദേശ കമ്പനികള്‍ക്ക് ഓഹരി വില്ക്കാന് എഫ്ഐപിബി അനുമതി കൊടുത്തു. പക്ഷെ വിദേശ കമ്പനിക്ക് നേരിട്ട് നിക്ഷേപം നടത്താനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.
എന്നാല്‍ എഫ്ഐപിബിയുടെ അനുമതികള്‍ കാറ്റില്‍പറത്തി കൊണ്ട് ഐഎന്‍എക്സ് മീഡിയ 4 കോടിക്ക് പകരം ഓഹരി വിറ്റ് 305 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കുന്നു. മാത്രമല്ല എഫ്ഐപിബി അനുമതി നിഷേധിച്ച വിദേശ കമ്പനി ഐഎന്‍എക്സ് മീഡിയയില്‍ മുതല്‍മുടക്കും നടത്തി. എഫ്ഐപിബി ബോര്‍ഡിന്റെ അനുമതിയുടെ നഗ്നമായ ലംഘനം. അത് മാത്രമോ 10 രൂപയുടെ ഓഹരി വിറ്റുപോയിരിക്കുന്നത് 868 രൂപക്ക്. അതായത് 86 ഇരട്ടിവിലക്ക് ആണ് മൗറീഷ്യസ് കമ്പനി ഇന്ത്യയിലെ ഐഎന്‍എക്സ് മീഡിയയുടെ 10 രൂപ വിലയുള്ള ഓഹരി വാങ്ങിയിരിക്കുന്നത് എന്നര്‍ത്ഥം. അതായത് 4 കോടി വിദേശ കറന്‍സി വരേണ്ട സ്ഥലത്തു 300 കോടി അനധികൃത കള്ളപണം വെളുപ്പിച്ച് നികുതി അടച്ചത് ഇന്ത്യയിലേക്ക് കടത്തിയിരിക്കുന്നു. കേസ് ഏറ്റെടുത്ത സിബിഐയ്ക്ക് ഈ കേസില്‍ അധികം തല പുകക്കാതെ തന്നെ കാര്യങ്ങള്‍ പുറത്തുവന്നു. വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ എഫ്ഐപിബിയുടെ നിയമങ്ങള്‍ ലംഘിച്ചതിനെതിരെ നിയമനടപടി നേരിടാന്‍ ഒരുങ്ങിനില്ക്കുന്ന ഐഎന്‍എക്സ് മീഡിയയെ ആ സമയം മറ്റൊരു കമ്പനി സമീപിക്കുന്നു. ഈ കെണിയില്‍നിന്ന് രക്ഷിക്കാം എന്നാണ് ആ കമ്പനിയുടെ വാഗ്ദാനം. പകരം കണ്‍സള്‍ട്ടിങ് ഫീസ് നല്‍കണം എന്ന് ആണ് കരാര്‍. അത് ആദ്യമേ നല്‍കുകയും വേണം അത്രേ. ആ കമ്പനിയുടെ പേരാണ് ചെസ്സ് മാനേജ്മന്റ് സര്‍വീസസ്. പേരില്‍തന്നെ വക്രത. ആ കമ്പനിയുടെ ഉടമ ആരാണ്? കാര്‍ത്തി ചിദംബരം!
വിദേശനിക്ഷേപം സ്വീകരിച്ചതിന്റെ പേരില്‍ നിയമലംഘനം നടത്തിയതിനു ഐഎന്‍എക്സ് മീഡിയക്ക് എതിരെ അന്വേഷണം നടത്തി നടപടി എടുക്കാന്‍ സിബിഐയോട് ആവശ്യപ്പെടുന്നത് ആരാണ്? എഫ്ഐപിബി ബോര്‍ഡിന്റെ ചെയര്മാന്. ആരാണ് ചെയര്മാന്. കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം. ആരാണ് കുറ്റം ചെയ്ത ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിയെ നിയമക്കുരുക്കില്‍നിന്ന് രക്ഷിക്കാന്‍വേണ്ടി പുറത്തു കരാര്‍ എടുത്തിരിക്കുന്നത്? ഇതേ ധനമന്ത്രിയുടെ മകന്റെ കമ്പനി. അപ്പോള്‍ ഇത്തരത്തിലുള്ള കുരുക്കില്‍ അകപ്പെട്ട, നിയമലംഘനം നടത്തിയ കമ്പനി അകപ്പെട്ടത് എങ്ങനെ കാര്‍ത്തി ചിദംബരത്തിന്റെ കമ്പനിയായ ചെസ്സ് മാനേജ്മെന്റ്റ് സര്‍വീസസ് അറിഞ്ഞു എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ കണ്‍സള്‍ട്ടിങ് ഫീസായി ഒരു മില്യണ്‍ ഡോളര്‍ കാര്‍ത്തി ചിദംബരം പറഞ്ഞ മറ്റൊരു വിദേശകമ്പനിയുടെ വിദേശ ബാങ്ക് അക്കൗണ്ടിലേക്ക് ഐഎന്‍എക്സ് മീഡിയക്ക് വേണ്ടി പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും വേറെ വഴി ഇല്ലാതെ ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കുന്നു.
അതോടെ എഫ്ഐപിബി ബോര്‍ഡും കേന്ദ്ര ധനമന്ത്രാലയവും നിയമനടപടി എടുക്കേണ്ടതിനുപകരം മറ്റൊരു സമര്‍ത്ഥമായ നീക്കം ഐഎന്‍എക്സ് മീഡിയക്ക് ഉപദേശിക്കുന്നു. ഐഎന്‍എക്സ് മീഡിയയുടെ പേരില്‍ അവരുടെ അക്കൗണ്ടില്‍ എത്തിയ വിദേശനിക്ഷേപ തുകയ്ക്കും ഓഹരി വിറ്റ വകയില്‍ വന്ന പണത്തിനും പൂര്‍വ്വകാല പ്രാബല്യത്തില്‍ അംഗീകാരം നല്കാന് ആയി അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഒരു പുതിയ അപേക്ഷ സമര്‍പ്പിക്കുക. ഇക്കാര്യം അകത്തും പുറത്തും ഡീല്‍ ചെയ്യുന്നതിന് ആണ് കാര്‍ത്തി ചിദംബരത്തിന്റെ ചെസ്സ് മാനേജ്മന്റ് സര്‍വീസസിന് ഒരുമില്യണ്‍ ഡോളര്‍ ഏതോ ഒരു വിദേശ കമ്പനിയുടെ പേരില്‍ വിദേശ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തത്. അതുപ്രകാരം ആണ് അഴി എണ്ണേണ്ട കുറ്റത്തിനുവേണ്ടി നിയമം തന്നെ വളച്ചൊടിച്ച് വകുപ്പുണ്ടാക്കി എടുത്തു നിയമലംഘനത്തിന് അനുമതി നല്കാന് പദ്ധതി ഉണ്ടാക്കി എടുത്തത്. ഈ സംഭവം നടന്നത് 2007 ല്‍ ആയിരുന്നു. ഉള്‍പ്പെട്ട തുക ഏതാണ്ട് 305 കോടിയിലും അധികം. എന്നാല്‍ ഇതുപോലെ തന്നെ എഫ്ഐപിബി അനുമതി ഇല്ലാതെ അല്ലെങ്കില്‍ വിലക്ക് ലംഘിച്ചു ഇന്ത്യയിലേക്ക് കൊണ്ടുവന്ന 5700 കോടി രൂപയുടെ കള്ളപണത്തിന്റെ പേരില്‍ ആണ് അച്ഛന് ചിദംബരത്തിന്റെ പേരിലും മകന് ചിദംബരത്തിന്റെ പേരിലും മറ്റൊരു കേസ് കൂടി സിബിഐ അന്വേഷിക്കുന്നത്. 305 കോടിക്ക് വാങ്ങിയ കമ്മീഷന് ഒരു മില്യണ്‍ ഡോളര്‍ ആണെങ്കില്‍ 5700 കോടിക്ക് വാങ്ങിയ കമ്മീഷന് തുക എത്രയാവും എന്ന് ഊഹിക്കാമോ? അഞ്ചുകോടിക്ക് മുകളില്‍ ഉള്ള വിദേശനിക്ഷേപങ്ങള്‍ക്ക് CCEA ക്യാബിനറ്റ് കമ്മിറ്റി എക്കണോമിക് അഫയേഴ്സിന്റെ അനുമതി വേണമെന്നിരിക്കെ 5700 കോടി വിദേശ നിക്ഷേപത്തിന് അനുമതി സ്വയം കൊടുത്ത ധനമന്ത്രിയെ എന്ത് വിളിക്കണം. ഇനി അങ്ങനെ അല്ല CCEA ക്യാബിനറ്റ് കമ്മിറ്റി എക്കണോമിക് അഫയേഴ്സ് കമ്മിറ്റി അംഗീകാരം ഉണ്ടെങ്കില്‍ ചിദംബരം അത് വെളിപ്പെടുത്തേണ്ടി വരും. അതോടെ തിരശീലക്കുപിന്നില്‍ ഉള്ള പല മുഖങ്ങളും ഇനിയും തെളിയും. അല്ലെങ്കില്‍ ഈ നിയമലംഘനം എല്ലാം താന്‍ സ്വയം നടത്തിയതാണ് എന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വരും.
അടുത്ത ഭാഗം: കാര്‍ത്തി ചിദംബരത്തിന്റെ ജീവനക്കാരിയല്ലാത്ത കടലാസ്സ് കമ്പനികള്‍.സപക്ഷെ ബാങ്ക് അക്കൗണ്ടില്‍ വരുന്നത് ശതകോടികള്‍… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: