ക്വാലാലംപൂര്‍: വംശീയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്. ഹിന്ദു ചൈനീസ് വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സാക്കിര്‍ നായിക്കിനെതിരെയുള്ള നടപടികള്‍ മലേഷ്യന്‍ സര്‍ക്കാര്‍ കടുപ്പിച്ചതിനെ തുടര്‍ന്നാണ് മാപ്പ് പറച്ചില്. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതുമൂലം വേദനിക്കേണ്ടി വന്ന എല്ലാവരോടും മാപ്പുചോദിക്കുകയാണെന്നും ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ മനഃപൂര്‍വ്വമോ അല്ലാതെയോ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സാക്കിര്‍ നായിക് പ്രസ്താവനയിലൂടെ അറിയിച്ചു.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് എടുത്ത കേസില്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. മലേഷ്യയിലെ കോട്ട ബാരുവില്‍ പ്രസംഗിക്കുന്നതിനിടെയാണ് നായിക് ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയത്. പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യം വിടണമെന്നായിരുന്നു നായിക്കിന്റെ ഒരു പരാമര്‍ശം. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ നൂറിരട്ടി അവകാശം മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടെന്നാണ് നായിക്കിന്റെ മറ്റൊരു പരാമര്‍ശം വിവാദമായത്.
സാക്കിര്‍ നായികിന്റെ പാരമര്‍ശം വിവാദമായതോടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഇതിനെതിരെ രംഗത്തെത്തിയിരുന്നു. നായിക് വംശീയ രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കുന്നതാണ് ഈ പരാമര്‍ശങ്ങളെന്ന് മഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു. വംശീയ വികാരം ആളിക്കത്തിക്കാനാണ് നായിക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ നായികിന് അവകാശമില്ലെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞു. നായിക്കിനെ രാജ്യത്ത് നിന്നും പുറത്താക്കാന്‍ മടിക്കില്ലെന്നുള്ള സൂചനയും അദേഹം നല്‍കിയിരുന്നു. സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും വിലക്ക് ഏര്‍പ്പെടുത്തി. നേരത്തെ ജോഹോര്‍, സെലങ്കൂര്‍, പെനാങ്, കേഡ, പെര്‍ലിസ്, സരാവക് എന്നിവിടങ്ങളിലും നായികിന്റെ മതപ്രഭാഷണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: