കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അങ്കം മൂര്‍ച്ഛിച്ചു. നേതാക്കള്‍ തമ്മിലുള്ള വാക്പയറ്റുകള്‍ക്കും ആക്കം കൂടി. കെ.എം. മാണിയുടെ മരണത്തോടെ പാര്‍ട്ടിയിലെ എംഎല്‍എമാരുടെ എണ്ണം അഞ്ചാണ്. ഇതില്‍ മൂന്നുപേരുടെയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാമിന്റെയും പിന്‍ബലത്തിലാണ് ജോസഫ് കരുനീക്കങ്ങള്‍ ശക്തമാക്കുന്നത്.
രാഷ്ട്രീയ അടവുകളില്‍ താന്‍ തന്നെയാണ് മുമ്പനെന്ന് ജോസ് കെ. മാണിയെ ബോധ്യപ്പെടുത്തും വിധത്തിലാണ് ജോസഫിന്റെ നീക്കങ്ങള്‍.നിയമസഭയില്‍ മാണിയുടെ ഇരിപ്പിടം നേടിയെടുക്കാന്‍ കഴിഞ്ഞത് വിജയത്തിന്റെ ആദ്യപടിയായി ജോസഫ് കരുതുന്നു. തലമുതിര്‍ന്ന നേതാക്കള്‍ക്ക് പിന്നാലെ യൂത്ത് വിഭാഗങ്ങള്‍ക്കിടയിലും ജോസഫ് സ്വീകാര്യനായത് ജോസ് കെ. മാണിക്ക് വലിയ വെല്ലുവിളിയാണ്.
ജോസഫ് പിന്നോട്ടില്ലെന്ന് വന്നതോടെ പിളര്‍പ്പല്ലാതെ കേരള കോണ്‍ഗ്രസില്‍ മറ്റ് മാര്ഗ്ഗങ്ങളില്ലന്ന അവസ്ഥയാണ്. അങ്ങനെ വന്നാല്‍ കെ.എം. മാണിയുടെ സ്വന്തം കേരളാ കോണ്‍ഗ്രസില്‍ മകന് ജോസ് കെ. മാണിയും കൂട്ടരും വിമതരാകും! പാര്‍ട്ടി പിളര്‍ത്തി പുറത്തു വന്നാല്‍ ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ അയോഗ്യരാകും. മാണിയുടെ വിശ്വസ്തനും സെക്രട്ടറിയുമായ ജോയ് എബ്രഹാമിനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനായതാണ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ പി.ജെ. ജോസഫിനെ സഹായിച്ചത്.
ഇതിനിടെ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിക്കലിനും തുടക്കമായി. പാലായില്‍ പാര്‍ട്ടിയില്‍ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാമിന്റെ കോലമാണ് ഏതാനും യൂത്ത് ഫ്രണ്ടുകാര്‍ കത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: