കോട്ടയം: കേരള കോണ്‍ഗ്രസ് നേതൃനിരയില്‍ ആഭ്യന്തര കലാപം രൂക്ഷം. പദവികള്‍ നിലനിര്‍ത്താനും കൈയടക്കാനുമുള്ള കരുനീക്കങ്ങള്‍ ശക്തം. കെ.എം. മാണിയുടെ മരണത്തോടെ ഒഴിവുവന്ന ചെയര്മാന്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവികളും, ഉപതെരഞ്ഞെടുപ്പുള്ള പാലാ സീറ്റുമാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.
താത്കാലികമായി കൈവശം വന്ന ചെയര്മാന് പദവി ഉപയോഗപ്പെടുത്തി പാര്‍ട്ടിയെ വരുതിയിലാക്കാന്‍ പി.ജെ. ജോസഫ് തന്ത്രപരമായി നീക്കമാരംഭിച്ചു. സംഘടനാച്ചുമതലയുള്ള ജോയ് ഏബ്രഹാമിനെ മുന്‍നിര്‍ത്തിയാണ് ജോസഫ് കരുക്കള്‍ നീക്കുന്നത്. ഇതിനെതിരെ വൈസ് ചെയര്‍മാനും കെ.എം. മാണിയുടെ മകനുമായ ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പൂര്‍ണമനസോടെയുള്ള പിന്തുണ ലഭിക്കുന്നുമില്ല.
കെ.എം. മാണിയുടെ മരണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും കീറാമുട്ടിയാകും. സ്ഥാനാര്‍ത്ഥി കുപ്പായമണിഞ്ഞ് നില്ക്കുന്നവര് രണ്ട് വിഭാഗങ്ങളിലുമുണ്ട്. ഏകകണ്ഠേനയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും നടക്കാനിടയില്ല. ജോസ് കെ. മാണിയുടെ അപ്രമാദിത്വത്തെ അനുകൂലിക്കാത്ത നല്ലൊരു വിഭാഗം മാണി അനുയായികള്‍ക്ക് പുറമേ യൂത്ത് ഫ്രണ്ട് നേതൃനിരയും രഹസ്യമായി ജോസഫിന് പിന്തുണ നല്കുന്നു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറും മുതിര്‍ന്ന നേതാവുമായ സി.എഫ്. തോമസ് ഉള്‍പ്പടെയുള്ളവരുടെ പിന്തുണയും ജോസഫിന് തന്നെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ.എം. മാണി ആഗ്രഹിച്ചിട്ടു കൂടി ജോസഫിന് കോട്ടയത്ത് സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ പിടിവാശി പ്രകടിപ്പിച്ചതാണ് നേതൃനിരയില്‍ ഒരു വിഭാഗത്തിന്റെ അപ്രീതിക്ക് ജോസ് കെ. മാണി ഇരയാകാന്‍ കാരണം.
വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫ് പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാനായത് കെ.എം. മാണിയുടെ പിന്‍ഗാമിയായി പാര്‍ട്ടിയുടെ അമരത്തേക്ക് വരാനുള്ള ജോസ് കെ. മാണിയുടെ മോഹങ്ങള്‍ക്കു മേലാണ് കരിനിഴല്‍ വീഴ്ത്തിയത്. ജോസഫിന്റെ പക്കല്‍ താത്ക്കാലികമായി പോലും ചെയര്മാന് പദവി കിട്ടാതിരിക്കുന്നതിന് ജോസ് കെ. മാണി ചില കരുനീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാവ് സി.എഫ്. തോമസിന്റെ പിന്തുണ പോലും ഇക്കാര്യത്തില്‍ മാണിയുടെ മകന് ലഭിച്ചില്ല.
ജില്ലാ പ്രസിഡന്റുമാരില്‍ കെ.എം. മാണിയെ തുണച്ചവരില്‍ ഒന്‍പതു പേരെ മുന്‍നിര്‍ത്തി ജോസ് കെ. മാണി നടത്തിയ നീക്കവും പാളി. ഇനി മാണി വിഭാഗത്തിന് മുന്‍തൂക്കമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഒപ്പുശേഖരണം നടത്തി യോഗം വിളിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കണമെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: