ഗ്വാളിയോര്‍: ശ്രീരാമ ജന്മഭൂമി കേസില്‍ സുപ്രീംകോടതിയുടെ നിലപാട് ആശ്ചര്യകരമെന്ന് ആര്‍എസ്എസ്. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന അയോധ്യാ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനു പകരം മറിച്ചുള്ള നടപടികളാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായതെന്ന് അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ദേശീയ വീക്ഷണം എന്ന വിഭാഗത്തില്‍ വിമര്‍ശിക്കുന്നു.
ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്ന, ദേശീയ അസ്തിത്വത്തെ ബാധിക്കുന്ന, വൈകാരികതകള്‍ ഏറെയുള്ള അയോധ്യാ കേസിന് സുപ്രീംകോടതി യാതൊരു പ്രാധാന്യവും നല്‍കാത്തത് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഹിന്ദു സമൂഹത്തിന്റെ ദേശീയാഭിമാനം, അസ്തിത്വം എന്നിവ നിരന്തരം അവഗണിക്കപ്പെടുകയാണ്. നീതിന്യായ വ്യവസ്ഥയോടുള്ള എല്ലാ ബഹുമാനങ്ങളോടും കൂടി ആര്‍എസ്എസ് അഭ്യര്‍ഥിക്കുന്നത് അയോധ്യാ വിഷയത്തില്‍ എത്രയും വേഗം വിധി പുറപ്പെടുവിക്കണമെന്നും രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നുമാണ്. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശബരിമല: ആചാരം ലംഘിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശ്രമം
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ ജാഗ്രതക്കുറവിനെയും സംസ്ഥാന സര്‍ക്കാരിന്റെ സങ്കുചിത രാഷ്ട്രീയ നടപടികളെയും ആര്‍എസ്എസ് വിമര്‍ശിച്ചു. ശബരിമല കേസില്‍ എല്ലാ കക്ഷികളെയും ശരിയായി പരിഗണിക്കാനും ക്ഷേത്രാചാരങ്ങളെ മനസ്സിലാക്കാനും കോടതി തയാറായിട്ടില്ല. അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ അംഗത്തിന്റെ ഭിന്നാഭിപ്രായം പരിഗണിക്കുക പോലും ചെയ്യാതെയാണ് വിധി.
വിധി വേഗം നടപ്പാക്കണമെന്ന നിര്‍ദേശം ഇല്ലാതിരുന്നിട്ടും ശബരിമല ക്ഷേത്രാചാരങ്ങള്‍ ലംഘിക്കാനുള്ള ശ്രമമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയത്. ഹിന്ദു സമൂഹത്തിനെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അഹിന്ദുക്കളും അവിശ്വാസികളുമായ സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ക്ഷേത്രത്തില്‍ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചു, പ്രതിനിധിസഭ കുറ്റപ്പെടുത്തി.ശബരിമല വിഷയത്തിലുള്ള പ്രമേയം പ്രതിനിധിസഭ പാസാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: