കോട്ടയം: കേരള കോണ്‍ഗ്രസി(എം)ല്‍ പി.ജെ. ജോസഫിന് താല്‍ക്കാലികമായെങ്കിലും മേല്‍ക്കൈ വരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ നിലവിലുള്ള കോട്ടയം സീറ്റ് ജോസഫിന് മുന്നില്‍ അടിയറവ് വച്ച് മാണി.
സ്വന്തം ഇച്ഛയ്ക്കനുസരിച്ച് മുന്നോട്ടുപോയാല്‍ പാര്‍ട്ടി പൂര്‍ണമായും ഒപ്പമുണ്ടാകില്ലെന്ന് വന്നതോടെയാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫിനെ മത്സരിപ്പിക്കുന്നതിന് മാണി അര്‍ധസമ്മതം മൂളിയത്. ഞായറാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ ഇതിന് അംഗീകാരം നല്‍കും. എന്നാല്‍ പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ജോസഫിന്റെ നീക്കങ്ങള്‍ക്ക് മാണി വഴങ്ങിക്കൊടുക്കില്ല. പി.ജെ. ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കുന്നതിന് പകരമായി ജോസ് കെ. മാണി എം.പിക്ക് പാര്‍ട്ടി ചെയര്മാന് പദവി നല്‍കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിമോഹം സ്വയം പ്രഖ്യാപിച്ച് എത്തിയ പി.ജെ. ജോസഫിന്റെ കടുംപിടുത്തവും കോണ്‍ഗ്രസിന്റെ അയവില്ലാത്ത നിലപാടുകളുമാണ് കെ.എം. മാണിയെയും കൂട്ടരെയും മാരത്തണ്‍ സമവായ ചര്‍ച്ചകളിലേക്ക് എത്തിച്ചത്. കോണ്‍ഗ്രസിലെ ചില നേതാക്കളും ഇക്കാര്യത്തില്‍ മധ്യസ്ഥറോളുകളില് എത്തുകയുണ്ടായി.
അനുനയ നീക്കങ്ങള്‍ വിജയം കാണാതെ വരികയും പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയും ചെയ്താല്‍ നേതൃനിരയില്‍ നല്ലൊരുവിഭാഗം ജോസഫിനൊപ്പം പോകുമെന്ന സൂചനകളും മാണിക്ക് ലഭിച്ചിരുന്നു. ഡെപ്യൂട്ടി ലീഡര്‍ സി.എഫ്. തോമസ് ഉള്‍പ്പെടെ അടുത്ത നാളുവരെ കെ.എം. മാണിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പലരും ജോസഫിനുവേണ്ടി അഭിപ്രായം പറഞ്ഞുതുടങ്ങുകയും ചെയ്തു. പാര്‍ട്ടി ഫോറങ്ങളില്‍ മാണിക്കും കൂട്ടര്‍ക്കുമാണ് നിലവില്‍ മേല്‍ക്കൈ എങ്കിലും പുതിയ സാഹചര്യത്തില്‍ ഇതിലും അട്ടിമറി പ്രതിക്ഷിക്കുന്നു. പാര്‍ട്ടി പിളരുന്നത് ഒഴിവാക്കുകയും ഒപ്പം ജോസ് കെ. മാണിക്ക് ചെയര്മാന് പദവി നല്‍കുന്നതിലെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് ഇല്ലാതാക്കുകയെന്ന തന്ത്രവുമാണ് കെ.എം. മാണിയും, ജോസ് കെ. മാണിയും പയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: