കോട്ടയം: പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിലായ സിപിഎം മുഖം രക്ഷിക്കാന്‍ എന്‍എസ്എസി നെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്തി. എന്നാല്‍ വരുതിയിലാക്കാനുള്ള നീക്കങ്ങളെ സംഘടനാശേഷിയിലൂടെ അതിജീവിക്കുമെന്ന നിലപാടാണ് എന്‍എസ്എസ് കൈക്കൊണ്ടിരിക്കുന്നത്.
വിവിധ തലങ്ങളില്‍ എന്‍എസ്എസിനെ മോശമായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴായി ശ്രമം നട ത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ ദൗത്യം ഏറ്റെടുത്തത്. കഴിഞ്ഞദിവസങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇന്നലെ കോടിയേരിയുടെ ആലപ്പുഴയിലെ പ്രതികരണങ്ങള്‍. അധികാരത്തിന്റെ അഹങ്കാരം നിറഞ്ഞ, ഭീഷണിയുടെ സ്വരത്തിലുള്ള പ്രസ്താവനകളെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ അവഗണിക്കുന്നുവെന്ന സൂചനയോടെയുള്ളതായി എന്‍എസ്എസ് നേതൃത്വത്തിന്റെ മറുപടി.
എന്‍എസ്എസിന്റെ സംഘടനാ കെട്ടുറപ്പില്‍ ഏതുവിധേനയും ഭിന്നിപ്പ് സൃഷ്ടിക്കണമെന്നുള്ള സിപിഎം സംഘടനാ തീരുമാനത്തിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് കോടിയേരിയുടെ പ്രസ്താവനകള്‍ക്ക് പിന്നില്‍.
ശബരിമലയിലെ യുവതീ പ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ ഇടതുപക്ഷം വനിതാമതില്‍ സംഘടിപ്പിച്ച ഘട്ടത്തിലും സമാനമായ പ്രസ്താവനകള്‍ വന്നിരുന്നു. വിശ്വാസസംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് ചിലര്‍ എന്‍എസ്എസ് നിലപാടുകളെ മാടമ്പിമാരുടേതും, തമ്പ്രാക്കന്മാരുടേതുമായി പ്രഖ്യാപിച്ചത്. കോടിയേരിയുടെ ഇന്നലത്തെ പ്രസ്താവനയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. മറ്റാരുടെയോ പ്രീതിക്കുവേണ്ടിയുള്ളതാണ് സംസ്കാരശൂന്യമായ ഈ പ്രസ്താവനയെന്ന വിലയിരുത്തലും നായര്‍ നേതൃത്വത്തിനുണ്ട്.
സിപിഎമ്മിന്റെ സുഖിപ്പിക്കല്‍ പ്രസ്താവന കളെ നായര്‍ നേതൃത്വം പിന്തുണയ്ക്കില്ലെന്ന് ഉറപ്പായതോടെയാണ് സമുദായത്തെ ഒന്നടങ്കം വെല്ലുവിളിക്കുന്ന പ്രസ്താവനകളുമായി കോടിയേരി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: