ന്യൂദല്‍ഹി: കശ്മീര്‍ താഴ്വരയില് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത് 130 വിഘടനവാദി നേതാക്കളെ. ജമ്മു കശ്മീര്‍ പോലീസും ഭീകരവിരുദ്ധസേനയും നടത്തിയ സംയുക്ത നടപടിയില്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ്, ജമാ അത്തെ ഇസ്ലാമി എന്നിവയുടെ ഉന്നത നേതൃത്വം അടക്കം അറസ്റ്റിലായി. ഇവരെ രാജസ്ഥാന്, പഞ്ചാബ്, ദല്‍ഹി തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.
ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ 35എ സംബന്ധിച്ച കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ കരുതല്‍ നടപടിയെന്ന് സൂചനയുണ്ട്. ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കിക്കൊണ്ടുള്ള വിധി വന്നാല്‍ താഴ്വര സംഘര്‍ഷഭരിതമാകുന്നത് തടയാന്‍ മുന്‍കൂട്ടിയുള്ള ശ്രമങ്ങളാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം നടത്തുന്നത്.
ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന് മാലിക്കിനെയും ജമാ അത്തെ ഇസ്ലാമി അമീര്‍ അബ്ദുള്‍ ഹമീദ് ഫയാസിനെയും അടക്കമുള്ള താഴ് വരയിലെ മുഴുവന്‍ വിഘടനവാദ നേതാക്കളെയും വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുതിര്‍ന്ന ഹൂറിയത്ത് നേതാക്കളായ സയിദ് അലി ഷാ ഗീലാനിയും മിര്‍വയിസ് ഉമര്‍ ഫറൂറും നിലവില്‍ ആഴ്ചകളായി വീട്ടുതടങ്കലിലാണ്. ജമാ അത്തെ ഇസ്ലാമി വക്താവ് അഡ്വ. സാഹിദ് അലി, മുന്‍ സെക്രട്ടറി ജനറല്‍ ഗുലാം ഖാദിര്‍ ലോണ്‍, അബ്ദുള്‍ റൗഫ് തുടങ്ങിയ ഒരു ഡസണിലധികം ജമാഅത്ത് നേതാക്കളും മുന്‍കരുതല്‍ കസ്റ്റഡിയിലാണ്.
1990കള്‍ക്ക് സമാനമായ സ്ഥിതിവിശേഷമാണ് കശ്മീരിലെന്നാണ് വിഘടനവാദികളും അവരെ പിന്തുണയ്ക്കുന്നവരും ആരോപിക്കുന്നത്. രാത്രി മുഴുവന്‍ ഹെലികോപ്റ്ററുകളുടെ ശബ്ദം വലിയ തോതിലുള്ള സൈനിക നടപടികളുടെ സൂചനയാണെന്നും ഇവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: