കൊച്ചി: അങ്കത്തട്ടില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് കൊച്ചിയുടെ നീലപ്പടയ്ക്ക് ഉജ്വലജയം. അവസാന നിമിഷം വരെ ആവേശം വാരി വിതറിയ മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ വീഴ്ത്തി പ്രോ ലീഗ് വോളിബോളില്‍ സെമി ഉറപ്പാക്കി. സ്കോര്‍: 12-15,10-15,15-11,15-13,15-10
ആദ്യ സെറ്റിന്റെ തുടക്കം ഇരു ടീമുകളുടെയും വാശിയേറിയ പോരാട്ടത്തോടെ. പ്രഭാകരനും രോഹിത്തും തുടക്കത്തിലേ കൊച്ചിക്കായി ആഞ്ഞടിച്ചപ്പോള്‍ കപിലും അഖിനും ചെന്നൈക്കായി കളം നിറഞ്ഞു. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ചെന്നൈക്ക് 8-6ന്റെ നേരിയ ലീഡ്. മികച്ച ടീം വര്‍ക്കിലൂടെ ചെന്നൈ പോയിന്റ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. പ്രഭാകരന്റെ നേതൃത്വത്തില്‍ കൊച്ചി കൂടെപ്പിടിക്കാന് ശ്രമിച്ചെങ്കിലും ചെന്നൈ താരങ്ങളുടെ മികച്ച പ്ലെയിസിങ്ങുകള് ആദ്യ സെറ്റില്‍ വിലങ്ങുതടിയായി. 15-12ന് സെറ്റ് ചെന്നൈക്കൊപ്പം.
രണ്ടാം സെറ്റിന്റെ തുടക്കം ചെന്നൈ താരം റൂഡിയുടെ കലക്കന്‍ സ്മാഷിലൂടെ. ആദ്യ സെറ്റിന്റെ ബാക്കിയെന്നോണം രണ്ടാം സെറ്റും മുന്നോട്ടുനീങ്ങിയത് ചെന്നൈയുടെ ലീഡോടെ. ചെന്നൈ താരം നവീന്‍ പലപ്പോഴും എതിര് കോര്‍ട്ടിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. കൊച്ചി താരങ്ങള്‍ ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ചെന്നൈയുടെ കരുത്തിനുമുന്നില്‍ രണ്ടാം സെറ്റും അടിയറവ് വച്ചു നീലപ്പട. ഇതോടെ കൊച്ചിയ്ക്ക് മൂന്നാം സെറ്റ് നിര്‍ണായകമായി.
മൂന്നാം സെറ്റിന്റെ ആരംഭവും ചെന്നൈയുടെ സ്കോര്ബോര്ഡില്നിന്ന്. സെറ്റ് മുന്നോട്ട് നീങ്ങും തോറും ശക്തിയാര്‍ജിച്ച കൊച്ചി ടീം ഇടവേളയ്ക്ക് പിരിയും മുമ്പ്് 8-4ന്റെ ലീഡ് നേടി. കനത്ത സ്മാഷുകളുമായി ചെന്നൈ താരങ്ങള്‍ തിരിച്ചടിച്ചെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റ് പിടിച്ചെടുത്ത് ജീവശ്വാസം നേടി കൊച്ചിയുടെ നീലപ്പട. കൊച്ചി ടീമിന്റെ യൂണിവേഴ്സല്‍ താരം പ്രവീണ്‍ കുമാര്‍ മൂന്നാം സെറ്റില്‍ അടിച്ചെടുത്തത് ആറു പോയിന്റ്.
മോഹിപ്പിക്കുന്ന തുടക്കമാണ് കൊച്ചിയുടെ പുത്രന്മാര് നാലാം സെറ്റിന്റെ നടത്തിയത്. ഡേവിഡ് ലീ തൊടുത്ത കനത്ത സ്മാഷുകള്‍ ഗ്യാലറിയെ ഇളക്കിമറിച്ചു. എന്നാല്‍ കൃത്യതയാര്‍ന്ന ബ്ലോക്കുകളിലൂടെ ചെന്നൈ തിരിച്ചടിച്ചപ്പോള്‍ സ്കോര്‍ തുല്ല്യം. റൂഡിയുടെ കലക്കന്‍ സ്മാഷുകളിലൂടെ ചെന്നൈ പിടിച്ചുനിന്നു. സെറ്റര്‍ ഹരിപ്രസാദിന്റെ മിന്നുന്ന പ്രകടനത്തില്‍ കൊച്ചി നാലാം സെറ്റ്് സ്വന്തമാക്കി. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം 2-2ന് .
വിധി നിര്‍ണയിക്കുന്ന അവസാന സെറ്റില്‍ ഇരു ടീമുകളും തുടങ്ങിയത് കരുത്ത്കാട്ടി. അടിക്ക് മറുപടിയെന്ന രീതിയില്‍ ആഞ്ഞടിച്ചു . അവസാന വിജയത്തിനായി കളത്തില്‍ മികച്ച ഒത്തിണക്കം കാണിച്ച കൊച്ചി ഇടവേളയ്ക്ക് പിരിയുമ്പോള്‍ 8-6ന്റെ ലീഡ് നേടി. പാതി വഴി പിന്നിട്ടപ്പോള്‍ കൊച്ചി നടത്തിയത് അമ്പരപ്പിക്കുന്ന മുന്നേറ്റം. എതിരാളികളെ നിസ്സഹായരാക്കി കൊച്ചിയുടെ സ്കോര്‍ ബോര്‍ഡ് ശരവേഗത്തില്‍ പാഞ്ഞു. വിജയം കൊതിച്ചെത്തിയ കാണികളെ ആവേശത്തിലാഴ്ത്തി അവസാന മൂന്ന് സെറ്റും നേടിയ കൊച്ചി വിജയം കൈപ്പിടിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: