ബോര്‍ഡ്യൂ: ലോകകപ്പില്‍ കിരീടം ലക്ഷ്യമിടുന്ന ബ്രസീല്‍ ആരാധകരുടെ പ്രാര്‍ഥന ഫലം കാണുന്നു. അവരുടെ പ്രിയതാരം നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. കാലിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ മൂന്നാഴ്ചക്കുള്ളില്‍ തിരിച്ചുവരുമെന്ന് പാരീസ് സെന്റ് ജര്മയിന് (പിഎസ്ജി) കോച്ച് യുനൈ എമറി.
നെയ്മറുമായി ഫോണില്‍ സംസാരിച്ചു. നെയ്മര്‍ സുഖം പ്രാപിച്ചുവരുകയാണ്. മൂന്നാഴ്ചക്കുള്ളില്‍ നെയ്മര്‍ തിരിച്ചെത്തുമെന്ന് യുനൈ എമറി പറഞ്ഞു. മോണാക്കോ- പിഎസ്ജി ഫ്രഞ്ച് കപ്പ് ഫൈനലിന്റെ തലേന്ന് പത്രക്കാരോട് സംസാരിക്കുകയായിരുന്നു എമറി.
റഷ്യയില്‍ ജൂണ്‍ 14 ന് ആരംഭിക്കുന്ന ലോകകപ്പില്‍ ബ്രസീലിന്റെ പ്രതീക്ഷയാണ് നെയ്മര്‍. ഫെബ്രുവരി 25 ന് മാഴ്സെലിക്കെതിരായ മത്സരത്തിലാണ് നെയ്മറുടെ കാലിന് പരിക്കേറ്റത് തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍മാഡ്രിഡുമായുള്ള പിഎസ്ജിയുടെ രണ്ടാം പാദ മത്സരത്തില്‍ നെയ്മര്‍ക്ക് കളിക്കാനായില്ല.
മാര്‍്ച്ച് മൂന്നിന് നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ബ്രസീല്‍ ദേശീയ ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മറാണ് ശസ്ത്രക്രിയ നടത്തിയത്. നെയ്മര്‍ സുഖം പ്രാപിക്കാന്‍ മൂന്ന് മാസം വരെ വേണ്ടിവരുമെന്ന് അന്ന് ഡോക്ടര്‍ ലസ്മാര്‍ പറഞ്ഞിരുന്നു.
ഏപ്രില്‍ പകുതിയോടെ പിഎസ്ജിയും ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷനും നെയ്മറുടെ ആരോഗ്യം വിലയിരുത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: