ഭുവനേശ്വര്‍: ഐഎസ്എല്ലിലെ നിര്‍ണായക പോരാട്ടത്തിന് ജംഷ്ഡപൂര്‍ എഫ്സി ഇന്ന് ഇറങ്ങുന്നു. സ്വന്തം മൈതാനത്ത് നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ കരുത്തരായ ബെംഗളൂരു. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്സിക്ക് ജയിച്ചേ മതിയാവൂ. ബെംഗളൂരു നേരത്തെതന്നെ സെമിയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ന് ജംഷഡ്പൂര്‍ എഫ്സി ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സും പുറത്താകും. 16 കളികളില്‍ നിന്ന് 26 പോയിന്റുള്ള ജംഷഡ്പൂരിന് ജയിച്ചാല്‍ 29 പോയിന്റാകും.
മറ്റൊരു സൂപ്പര്‍ പോരാട്ടത്തില്‍ പൂനെ സിറ്റി സ്വന്തം മൈതാനത്ത് എഫ്സി ഗോവയുമായും ഏറ്റുമുട്ടും. ജയിച്ചാല്‍ പൂനെയും സെമിയില്‍ സ്ഥാനം ഉറപ്പിക്കും. ഗോവക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയിച്ചേ മതിയാവൂ. ഒപ്പം ജംഷഡ്പൂര്‍ തോല്‍ക്കുകയും വേണം. 16 കളികളില്‍ നിന്ന് 29 പോയിന്റുമായി രണ്ടാമതാണ് പൂനെ സിറ്റി എഫ്സി.
ഫുട്ബോള്‍ ഫോര്‍ പീസ് ഇന്ത്യയിലും
മുംബൈ: ഫുട്ബോളിലൂടെ ലോക സമാധാനം ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട ഫുട്ബോള്‍ ഫോര്‍ പീസ് (എഫ്എഫ്പി) ഇന്ത്യയിലും അവതരിപ്പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ ക്യാപ്റ്റന്‍ നെമഞ്ജ വിദികും ബോളിവുഡ് നടന് രണ്‍വീര്‍ സിങും ചേര്‍ന്നാണ് ഫുട്ബോള്‍ ഫോര്‍ പീസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോഞ്ചിങിന്റെ ഭാഗമായി ഡേവിഡ് ബെക്കാം, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അണിനിരക്കുന്ന പീസ് ഫുട്ബോള്‍ മത്സരം ഈ വര്‍ഷം തന്നെ പാര്‍ലമെന്റ് പരിസരത്ത് സംഘടിപ്പിക്കുമെന്ന് സംഘടനയുടെ സഹ സ്ഥാപകനും ഫുട്ബോള്‍ താരവുമായ കാഷിഫ് സിദ്ധീഖി അറിയിച്ചു.
2013ലാണ് ബ്രിട്ടന് ആസ്ഥാനമാക്കി സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത്. ലോകത്തെ വിവിധ നഗരങ്ങളിലെ 7-14 വയസ്സിനിടയിലുള്ള 1,600 കുട്ടികള്‍ പദ്ധതിയുടെ ഭാഗമാണ്. 18 മാസത്തെ പദ്ധതിയില്‍ 60 ശതമാനം ക്ലാസ്—റൂം വിദ്യാഭ്യാസവും 40 ശതമാനം ഫുട്ബോള്‍ പരിശീലനവുമാണ് ലഭ്യമാക്കുന്നത്. 2016ല്‍ എഫ്എഫ്പിയുടെ ഭാഗമായി ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ കേരളത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: