സെവിയ്യ: മാര്‍ക്കോ അസന്‍സിയോയുടെ ഇരട്ട ഗോളില്‍ ശക്തമായി തിരിച്ചുവന്ന റയല്‍ മാഡ്രിഡിന് ലാലഗയില്‍ ത്രസിപ്പിക്കുന്ന വിജയം. ആവശം നിറഞ്ഞ പോരാട്ടത്തില്‍ റയല്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ മുക്കി.
അസന്‍സിയോക്ക് പുറമെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സെര്‍ജിയോ റാമോസ് എന്നിവരും റയല്‍ മാഡ്രിഡിനായി ഗോളുകള്‍ നേടി. ആക്രമണത്തിലെ തങ്ങളുടെ സര്‍വ്വ ശക്തിയും പുറത്തെടുത്ത റയല്‍ മാഡ്രിഡ് ബെറ്റിസിനെ മുക്കിക്കളഞ്ഞു.
ലാലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ മാര്‍ക്കോ അസന്‍സിയോ 11-ാം മിനിറ്റില്‍ മുന്നിലെത്തിച്ചു. ഗോള്‍ മടക്കാനായി പൊരുതിയ ബെറ്റിസ് 33-ാം മിനിറ്റില്‍ സമനില പിടിച്ചു.ഐസാ മാന്ഡിയാണ് ഗോള്‍ നേടിയത്. നാലു മിനിറ്റുകള്‍ക്കുശേഷം മാഡ്രിഡ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ബെറ്റിസ് മുന്നലായി. നാച്ചോ ഫെര്‍ണാണ്ടസിന്റെ ബൂട്ടുകളില്‍ നിന്നാണ് സെല്‍ഫ് ഗോള്‍ പിറന്നത്.
തകര്‍ത്തുകളിച്ച മാഡ്രിഡ് ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റന്‍ രാമോസിന്റെ ഗോളില്‍ സമനില നേടി. കോര്‍ണര്‍ കിക്ക് തലകൊണ്ട് പോസ്റ്റിലേക്ക് മറിച്ചുവിട്ടാണ് റാമോസ് സ്കോര്‍ ചെയ്തത്. ഏറെതാമസിയാതെ അസന്‍സിയോ തന്റെ രണ്ടാം ഗോളിലൂടെ മാഡ്രിഡിന്റെ ലീഡ് 3-2 ആക്കി. അഞ്ചു മിനിറ്റിനുള്ളല്‍ റൊണള്‍ഡോയും ലക്ഷ്യം കണ്ടു 4-2.
കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ സെര്‍ജിയോ ലിയോണ്‍ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ അധികസമയത്ത് ബെസേമ അഞ്ചാം ഗോളും കുറിച്ച് മാഡ്രിഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് 23 മത്സരങ്ങളില്‍ 45 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുകയാണ്. 24 മത്സരങ്ങളില്‍ 62 പോയിന്റു നേടിയ ബാഴ്സലോണയാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: