കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ കരുത്തരായ മോഹന്‍ ബഗാനെ ഗോകുലം കേരള എഫ്സി അട്ടിമറിച്ചു. ഐ ലീഗില്‍ ബഗാന്റെ തട്ടകത്തില്‍ നടന്ന ഉശിരന്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം എഫ് സി ആതിഥേയരെ അട്ടിമറിച്ചത്. അവസാന നിമിഷത്തില്‍ ഹെന് റി കിസേക്കാണ് വിജയഗോള്‍ നേടിയത്.
76-ാം മെഹ് മൂദ് അല്‍ അജ്മിയുടെ ഗോളില്‍ ഗോകുലം മുന്നിലെത്തി. തൊട്ടുത്ത മിനിറ്റില്‍ തന്നെ ബഗാന് ദീപന്ഡയുടെ ഗോളില്‍ സമനില പിടിച്ചു. സ്വന്തം ഗ്രൗണ്ടില്‍ ബഗാന്റെ മൂന്നാം തോല്‍വിയാണിത്. ഇരുടീമുകളും ആദ്യ പകുതിയില്‍ തകര്‍ത്തുകളിച്ചെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ ഗോകുലം ആദ്യ ഗോള്‍ കുറിച്ചു. ഹെന് റി കിസേക്ക് നല്കിയ പാസ് അജ്മി ബഗാന് ഗോളിയെ കിഴടക്കി ഗോള്‍ വര കടത്തിവിട്ടു.
അടുത്ത നിമഷം തന്നെ ബഗാന് ഗോള്‍ മടക്കി. ഷില്ട്ടന് ഡിസില്‍വ , മാഗറെ ലക്ഷ്യമാക്കി പന്ത് നീട്ടിക്കൊടുത്തു. മാഗര്‍ ഹെഡറിലൂടെ ദീപന്ഡയ്ക്ക് പാസ് നല്കി. ദീപന്ഡ അനായാസം ഗോളും നേടി. കളിയുടെ അവസാന നിമിഷങ്ങളില്‍ ഗോകുലം വിജയഗോള്‍ കുറിച്ചു. പ്രോവാറ്റ് ലാക്ര ത്രോയിന്നിലൂടെ പന്ത് മൂസയ്ക്ക് നല്കി. മൂസ അത് കിസേക്കിന് മറിച്ചു നല്കി. ഗോള്‍ മുഖത്തേക്ക് ഓടിക്കയറിയ കിസേക്ക് ഒന്നന്തരം ഷോട്ടിലൂടെ ബാഗന്റെ ഗോളിയെ കീഴ്പ്പെടുത്തി.
ഈ തോല്‍വിയോടെ ബഗാന് 14 മത്സരങ്ങളില്‍ 21 പോയിന്റുമായി നാലാം സ്ഥാനത്താണ്. അതേസമയം ഗോകുലം 13 മത്സരങ്ങളില്‍ 13 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: