കൊച്ചി: തുടര്‍ച്ചയായ മൂന്ന് എവേ മത്സരങ്ങള്‍ക്കുശേഷം ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങുന്നു. എതിരാളികള്‍ കരുത്തരായ എഫ്സി ഗോവ. രാത്രി എട്ടിന് കിക്കോഫ്. ഈ സീസണിലെ 12-ാം മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഗോവയുടേത് പത്താം മത്സരവും. ഒന്‍പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 16 പോയിന്റുമായി ഗോവ നാലാം സ്ഥാനത്താണ്. 11 മത്സരം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം 14 പോയിന്റ്. മൂന്ന് വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചുകൂട്ടിയ ടീമാണ് എഫ്സി ഗോവ. 9 കളികളില്‍ നിന്ന് 22 എണ്ണം നേടി. അതേസമയം ബ്ലാസ്റ്റേഴ്സാകട്ടെ 11 കളികളില്‍ നിന്ന് 12 എണ്ണം മാത്രം.
ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. ഒരു സമനിലയോ, തോല്‍വിയോ പോലും നിലവിലെ റണ്ണറപ്പുകളുടെ സെമിപ്രവേശത്തിന് തിരിച്ചടിയാകും. ഇന്ന് ഗോവയെ തോല്‍പ്പിച്ചാല്‍ 17 പോയിന്റുമായി അവര്‍ക്ക് മൂന്നാം സ്ഥാനത്തേക്കുയരാം. മറിച്ച് ഗോവ ജയിച്ചാല്‍ 19 പോയിന്റുമായി അവര്‍ മൂന്നിലെത്തും.
കണക്കുതീര്‍ക്കാനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നത്്. ഡിസംബര്‍ 9ന് ഫട്ടോര്‍ദയില്‍ നടന്ന മത്സരത്തിലേറ്റ 5-2 പരാജയത്തിന് ഗോവയോട് പകരം വീട്ടണം. അതേസമയം ഗോവ അന്നത്തെ മേധാവിത്വം തുടരാനുള്ള ശ്രമത്തിലാണ്. മ്യൂലന്സ്റ്റീന് പകരം കോച്ചായി ചുമതലയേറ്റ ഡേവിഡ് ജെയിംസിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം മത്സരമാണ്. . കളിച്ച നാലില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ഒരു തോല്‍വിയും സമനിലയും ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം ജംഷഡ്പൂരിനോടാണ് ബ്ലാസ്റ്റേഴ്സ് 2-1ന് തോറ്റത്.
പ്രമുഖ കളിക്കാരുടെ പരിക്കാണ് ഡേവിഡ് ജെയിംസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഉഗാണ്ട കൗമാരതാരവും പ്ലേ മേക്കറുമായ കിസിറോണ്‍ കിസിറ്റോ, സ്ട്രൈക്കര്‍ ദിമിത്രി ബെര്‍ബറ്റോവ് എന്നിവര്‍ ഇന്ന് കളിക്കാനിറങ്ങില്ലെന്ന് ഡേവിഡ് സൂചന നല്കി. കിസിറ്റോക്ക് ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ ഷോള്‍ഡറിനാണ് പരിക്കേറ്റത്. മാര്‍ക്ക് സിഫ്നിയോസും പെസിച്ചും ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. ജംഷഡ്പൂരിനെതിരായ കളിയില്‍ പ്രതിരോധത്തിലെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. ജിങ്കന് മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇയാന്‍ ഹ്യൂമും, മാര്‍ക്ക് സിഫ്നിയോസുമാണ് കേരള മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുക. എന്നാല്‍ മധ്യനിരയിലെ പോരായ്മ മുന്നേറ്റത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
കഴിഞ്ഞ കളിയില്‍ ജംഷഡ്പൂര്‍ എഫ്സിയെ 2-1ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ കേരളത്തിലെത്തിയിട്ടുള്ളത്. ഗോവന്‍ മുന്നേറ്റവും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും തമ്മിലുള്ള ഏറ്റുമുട്ടലിനായിരിക്കും ഇന്ന് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ആക്രമണ ഫുട്ബോളിന്റെ വക്താക്കളാണ് ഗോവ. തുടക്കം മുതല്‍ എതിര് പ്രതിരോധം പൊളിച്ചടുക്കുക എന്നതാണ് കൊറോമിനാസും ലാന്‍സറോട്ടയും അടങ്ങുന്ന അവരുടെ രീതി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ട് ഹാട്രിക്കുള്‍പ്പെടെ 9 ഗോളുകള്‍ നേടിയ കൊറാമിനാസ്, 7 ഗോളുകള്‍ സ്വന്തമാക്കിയ ലാന്സറോട്ട എന്നിവരെ പിടിച്ചുകെട്ടുക എന്നതാണ് ജിങ്കാന്റെയും കൂട്ടരുടെയും കനത്ത വെല്ലുവിളി. ഗോള്‍ വലയ്ക്ക് മുന്നില്‍ വിശ്വസ്തനായി ലക്ഷമികാന്ത് കട്ടിമണി തന്നെയെത്തും. നാരായണന് ദാസ്, മുഹമ്മദ് അലി, സെര്‍ജിയോ ജെസ്റ്റി, സെറിറ്റണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ക്കും. മധ്യനിരയില്‍ കളി മെനയാന്‍ മാനുവേല്‍ ലാന്‍സറോട്ടയ്ക്ക് പുറമേ എഡ്യൂ ബേഡിയ, മാനുവേല്‍ അരാന, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, മന്ദാര്‍റാവു ദേശായി എന്നിവരില്‍ മൂന്നു പേര് എത്തും. എന്നാല്‍ പ്രതിരോധത്തില്‍ പോര്‍ച്ചുഗല്‍ താരം ബ്രൂണോ പെനീറോയുടെ അഭാവം നിഴലിക്കും.
ജംഷെഡ്പൂരിനെതിരേ ഇറങ്ങിയ ടീമില്‍ കാര്യമായ അഴിച്ചു പണി തന്നെ ഡേവിഡ് ജെയിംസ് നടത്തിയേക്കും. പ്രതിരോധവും മധ്യവും മുന്നേറ്റവും അഴിച്ചു പണിയാതെ ഗോവയെ നേരിടുക പ്രയാസകരമാവും.
ഡേവിഡ് ജെയിംസിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഗോവ പരിശീലകന് സെര്‍ജിയോ ലൊബേറ പറഞ്ഞു. എന്നാലും ഇന്ന് ജയിച്ച് മൂന്ന് പോയിന്റ് നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. റഫറിയിങ്ങിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാദ പ്രസ്താവനകള്‍ക്കൊന്നും ലൊബേറ മുതിര്‍ന്നില്ല. ചിലപ്പോള്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അവര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നായിരുന്നു ലൊബേറയുടെ മറുപടി. കഴിഞ്ഞ തോല്‍വി മറന്നുവെന്നും ഇന്ന് മഞ്ഞപ്പടയുടെ ആരവത്തില്‍ ജയിക്കുകയാണ് ലക്ഷ്യമെന്നും ഡേവിഡ് ജെയിംസും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: