മലപ്പുറം: എംആര്‍ വാക്സിനേഷന് ആവശ്യമില്ലെന്ന് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കാത്ത മുഴുവന്‍ കുട്ടികള്‍ക്കും 16നുമുമ്പ് കുത്തിവെപ്പ് ഉറപ്പാക്കുമെന്ന് കളക്ടര്‍ അമിത് മീണ. കളക്ട്രേറ്റില്‍ നടന്ന വാക്സിനേഷന് കുറഞ്ഞ സ്കൂള്‍ പ്രധാന അധ്യപകരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തിവെപ്പ് എടുക്കാന്‍ താല്പര്യമില്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുത്തിവെപ്പ് 95 ശതമാനമെങ്കിലും ലക്ഷ്യം നേടിയില്ലെങ്കില്‍ പ്രതിരോധ കുത്തിവെപ്പിന്റെ ഗുണം സമൂഹത്തിന് ലഭിക്കില്ല. എംആര്‍ വാക്സിനേഷന് കുട്ടികള്‍ എടുത്തുവെന്ന് ഉറപ്പ് വരുത്തുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ ദിവസേന വാക്സിനേഷന് നടത്തിയ കുട്ടികളുടെ കണക്ക് പരിശോധിക്കണം. ഇത് പ്രധാന അധ്യാപകര്‍ ക്രോഡീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലയില്‍ ഇതുവരെ 66.49 ശതമാനം വാക്സിനേഷനാണ് എടുത്തിട്ടുള്ളത്.
പത്താം മാസം മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും എംആര്‍ വാക്സിനേഷന് നിര്‍ബന്ധമായും നല്‍കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവനയും ചടങ്ങില്‍ വായിച്ചു. യോഗത്തില്‍ ഡിഎംഒ ഡോ. കെ. സക്കീന, ഡപ്യൂട്ടി കളക്ടര്‍ ഡോ. ജെ. യു. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: