വണ്ടൂര്‍: അലുമിനിയം നിര്‍മ്മാണ കമ്പനിയിലെ മാലിന്യങ്ങള്‍ ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതായി പരാതി. വണ്ടൂരിലെ ബ്രാംകോ അലുമിനിയം ഫാക്ടറിക്കെതിരെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഉപസമിതി ഫാക്ടറിയിലെത്തി പരിശോധന നടത്തി.
വീടുകളിലെ ജലസ്രോതസുകളില്‍ ഫ്ളൂറൈഡ് അടക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന് വെള്ളം ഉപയോഗിക്കാനാവുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ പത്തിലധികം വീടുകളിലെ കിണറുകളാണ് മലിനമായിട്ടുള്ളത്. ഒരു കിണറില്‍ നിന്നുള്ള വെള്ളം പരിശോധിച്ചതിന് ശേഷം ഇത് കുടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വണ്ടൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രാമപഞ്ചായത്തിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും, സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും കമ്പനി പ്രവര്‍ത്തിക്കുകയാണെന്നും തങ്ങളുടെ കുടിവെള്ളം മുട്ടിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോഷ്നി കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ഉപസമിതി പ്രദേശത്തെ വീടുകളിലെ കിണറുകളും, ഫാക്ടറിയും പരിശോധന നടത്തി. പ്രശ്നം അനുഭവപ്പെടുന്ന എല്ലാ കിണറുകളിലെയും വെള്ളം തൊട്ടടുത്ത ദിവസം തന്നെ ശാസ്ത്രീയമായി പരിശോധിക്കാന്‍ സംവിധാനം ചെയ്യുമെന്നും പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും പ്രസിഡന്റ് റോഷ്നി.കെ.ബാബു പറഞ്ഞു.
അതേ സമയം നാട്ടുകാരുടെയും അധികൃതരുടെയും ആരോപണങ്ങള്‍ കമ്പനി അധികൃതര്‍ നിഷേധിച്ചു. കിണറുകള്‍ മലിനമാകുന്നത് മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാവുമെന്നും ഫാക്ടറിയുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് ശാസ്ത്രീയമായി തെളിയിച്ചാല്‍ അതിന് പരിഹാരം കാണുകയോ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ ചെയ്യാന്‍ മാനേജ്മന്റ് തയ്യാറന്നെന്നും ബ്രാംകോ കമ്പനിയുടെ മാനേജിംഗ് പാര്‍ട്ട്ണര്‍ പനോലന് അബ്ദുറഹിമാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: